വിവിധ മേഖലയില്‍ കഴിവുതെളിയിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മാണ മേഖലയിലും ചുവടുറപ്പിക്കുകയാണ്. കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ വഴി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയാണ് കുടുംബശ്രീ നിര്‍മ്മാണ രംഗത്ത് സജീവമാകാനൊരുങ്ങുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. താക്കോല്‍ ദാന പരിപാടിക്ക് മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി മുട്ടില്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് നിവാസിയായ ശ്രീധരനാണ് ആദ്യ വീടു നിര്‍മ്മിച്ചു നല്‍കിയത്.
വീടിന്റെ തറ, ചുമര്, മേല്‍ക്കൂര എന്നിവ നിര്‍മ്മിക്കാന്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളാണ് ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ 62 പേര്‍ പരിശീലനം നേടി സജ്ജരായിട്ടുണ്ട്. ആശ്രയ ഭവനങ്ങളുടെ നവീകരണം, ലൈഫ് ഭവനം എന്നിവയുടെ നിര്‍മ്മാണമാണ് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് വഴി നിലവില്‍ പുരോഗമിക്കുന്നത്. വയറിംഗ്, പെയിന്റിംഗ് തുടങ്ങിയ മേഖലയില്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കി മുഴുവന്‍ ജോലിയും കുടുബശ്രീ കണ്‍സ്ട്രക്ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ ചെയ്യാനാണ് തീരുമാനം. ജില്ലയില്‍ കുടുംബശ്രീയുടെ കീഴില്‍ 12 കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളാണ് നിലവിലുള്ളത്. പദ്ധതിയിലൂടെ നിരവധി സ്ത്രീകള്‍ക്കു വരുമാന മാര്‍ഗവും കണ്ടെത്താനായി.
ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത പദ്ധതി വിശദീകരിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറുപ്പന്‍, എ.ഡി.എം.സി കെ.എ ഹാരിസ്, ഉഷ വര്‍ഗ്ഗീസ്, ഹസീന, സരോജിനി, റെജിമോള്‍, ഗീത, മരിയ ബേബി, തങ്കച്ചന്‍, എസ്. ഷീന തുടങ്ങിയവര്‍ സംസാരിച്ചു.