പ്രളയക്കെടുതിയില്‍ കൈതാങ്ങാവാന്‍ ജില്ലയിലേക്ക് ഡല്‍ഹിയില്‍ നിന്നും എത്തിയ 300 ടണ്‍ അവശ്യവസ്തുക്കല്‍ വിവിധ ജില്ലകളിലെത്തിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ എം.കെ രാമകൃഷ്ണന്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രത്യേക ചരക്കുവണ്ടിയില്‍ 300 ടണ്‍ അവശ്യസാധനങ്ങള്‍ ഡല്‍ഹിയില്‍ നിന്നും 14 ബോഗികളിലായി കേരളത്തിലേക്ക് അയച്ചത്. ജില്ലയിലെ സംഭരണ കേന്ദ്രമായ കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ നിന്നും 20 ലോഡ് സാധനങ്ങള്‍ ലോറികളില്‍ കയറ്റിയാണ് ഇതര ജില്ലകളിലേക്ക് അയച്ചത്.
ദുരിതാശ്വാസ സാമഗ്രികള്‍ കൂടുതലായി ആവശ്യം വരുന്ന എറണാക്കുളം, കണ്ണൂര്‍, വയനാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്കാണ് അരി, പലചരക്ക്, വസ്ത്രങ്ങള്‍, ബിസ്‌ക്കറ്റ്, പഠനോപകരണങ്ങള്‍, ചെരിപ്പുകള്‍, കമ്പിളിപുതപ്പുകള്‍, സാനിറ്ററി നാപ്ക്കിന്‍സ്, ശുചീകരണ വസ്തുക്കള്‍, തുടങ്ങിയ വസ്തുക്കളാണ് എത്തിച്ചത്. പ്രധാനമായും ചമ്പക്കുളം, കുട്ടനാട്, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ആറളം, പറവൂര്‍, കൊടുങ്ങല്ലൂര്‍, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അവശ്യവസ്തുക്കള്‍ എത്തിച്ചത്. ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെയാണ് വസ്തുകള്‍ വിതരണം ചെയ്തത്. മറ്റു ജില്ലകളിലെ കലക്ടറേറ്റ്, വില്ലേജ്-താലൂക്ക് ഓഫീസുകള്‍ മുഖേനവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ജില്ലയില്‍ നിന്നും സാധനങ്ങള്‍ കയറ്റി അയക്കുന്നത്. ടണ്‍ കണക്കിന് എത്തുന്ന വസ്തുക്കള്‍ ലോഡിങ് തൊഴിലാളികളെ ഉപയോഗിച്ച് നിശ്ചിത കൂലി നല്‍കിയാണ് ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
ഡല്‍ഹിയിലെ കോളെജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കേരളഹൗസിലെ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരുമാണ് കേരളത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ചത്. സാധനങ്ങള്‍ അയക്കുന്നതിന് റെയില്‍വെയും സൗജന്യം അനുവദിച്ചിരുന്നു.