ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷം പുറമേരിയിൽ കെ എസ് ആർ ടി സി ബസ്സ് തിരിച്ചെത്തി.റൂട്ട് പുനസ്ഥാപിച്ചു കിട്ടിയ കെ എസ് ആർ ടി സി ബസ്സിനു അരൂരിൽ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മിയുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും യാത്രതിരിക്കുന്ന ബസ് പുറമേരിയിലെ അരൂരിലൂടെയായിരുന്നു സർവീസ് നടത്തിയിരുന്നത്. കോവിഡ് കാലത്ത് ഈ സർവീസ് നിർത്തലാക്കിയതോടെ
മെഡിക്കൽ കോളേജിലേക്കുള്ള രോഗികളും മറ്റു യാത്രക്കാരും വലിയ പ്രയാസം അനുഭവിച്ചിരുന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ മുഖേന ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് റൂട്ട് പുനസ്ഥാപിക്കാൻ തീരുമാനമായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി പറഞ്ഞു. റൂട്ട് പുനസ്ഥാപിച്ചതിലൂടെ പ്രദേശവാസികളുടെ യാത്രാ ദുരിതത്തിനാണ് ശാശ്വത പരിഹാരമാകുന്നത്.
രാവിലെ 5 മണിക്ക് തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും ആരംഭിച്ച് 5.30 ന് പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂർ കോട്ടുമുക്ക് വഴി മെഡിക്കൽ കോളേജിൽ എത്തുന്ന തരത്തിലാണ് ബസ്സിന്റെ സമയക്രമം.