കവിയൂര്‍ പുഞ്ചയില്‍ കൃഷിയിറക്കുന്നതിന്റെ ഭാഗമായി ഹരിതകേരളമിഷന്‍ ഉപാധ്യക്ഷ ഡോ ടി.എന്‍ സീമ തിരുവല്ല നഗരസഭിയിലെ കവിയൂര്‍ പുഞ്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കവിയൂര്‍ പുഞ്ചയുടെ തുടര്‍പദ്ധതികള്‍ക്കായുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായിട്ടായിരുന്നു സന്ദര്‍ശനം. ഈ പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 1300 ഏക്കര്‍ കൃഷിസാധ്യത ഉള്ള കവിയൂര്‍ പുഞ്ചയില്‍ നവംബറോടെ 500 ഏക്കറില്‍ കൃഷിയിറക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 500 ഏക്കറിലായിരിക്കും കൃഷിയിറക്കുക. കൃഷിയോഗ്യമായ 1300 ഏക്കറില്‍ 600 ഏക്കറും തിരുവല്ല നഗരസഭയുടെ പരിധിയിലാണ്. നവംബറോടെ കൃഷി ആരംഭിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ള നഗരസഭയായി തിരുവല്ല മാറും. കവിയൂര്‍ പുഞ്ചയുടെ തുടര്‍പദ്ധതികള്‍ക്കായി ചേര്‍ന്ന ജില്ലാതലയോഗത്തിന്റെ തുടര്‍ച്ചയായാണ് ഹരിതകേരള മിഷന്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയത്. ഈ മാസം 28ന് ജനപ്രതിനിധികള്‍, കര്‍ഷകര്‍, പാടശേഖരസമിതി പ്രതിനിധികള്‍ എന്നിവരുടെ യോഗം തുടര്‍നടപടികള്‍ അന്തിമമാക്കുന്നതിനായി തിരുവല്ല മുനിസിപ്പല്‍ ഓഫീസില്‍ രാവിലെ 11 മണിക്ക് ചേരും. വൈകിട്ട് 3ന് കൗണ്‍സില്‍ യോഗവും ചേരും. ഹരിതകേരള സംസ്ഥാന കണ്‍സല്‍ട്ടന്റുമാരായ എബ്രഹാം കോശി, എസ്.യു. സഞ്ജീവ്, സതീഷ്‌കുമാര്‍, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍, കൗണ്‍സിലര്‍മാരായ അരുന്ധതി രാജേഷ്, ശാന്തമ്മ മാത്യു, ഇറിഗേഷന്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭ സെക്രട്ടറി സിജു, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കാളികളായി.