ആലപ്പുഴ: ആലപ്പുഴ തുറമുഖത്തിന്റെ പ്രതാപകാലത്ത് ജോലി ചെയ്തിരുന്ന കയറ്റിറക്ക് തൊഴിലാളികൾക്കും ആശ്രിതർക്കും ഓണത്തിന്റെ ഭാഗമായി വർഷം തോറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകി വരുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖ വകുപ്പ് ഓഫീസിൽ നിർവഹിച്ചു. തുക കൂടാതെ രണ്ടാഴ്ചത്തെ റേഷനും നൽകുന്നുണ്ട്. പ്രളയക്കെടുതിമൂലം ബുദ്ധിമുട്ടിലാണെങ്കിലും ആലപ്പുഴ തുറമുഖതൊഴിലാളികൾക്ക് കൈത്താങ്ങായി സർക്കാർ നിലകൊള്ളുകയാണെന്ന് മന്ത്രി പറഞ്ഞു. തുറമുഖ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നൽകിയിരുന്ന 5000 രുപയിൽ നിന്നും 250 രുപ വർധിപ്പിച്ച് 5250 രൂപയാക്കി 299 പേർക്കാണ് നൽകുന്നത്. 15, 69,750 രൂപയാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. മുൻ എം.എൽ.എ എ, ഷുക്കൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ പി.വി.ചിത്തരജ്ഞൻ, തുറമുഖ സംരക്ഷണ സമതി സെക്രട്ടറി അൻസാരി, പോർട്ട് കൺസർവേറ്റർ ആർ.ബിനു, പി.കെ.ഹരിദാസ്, ജയലാൽ, സി. ജ്യോതിസ്, വി.വി.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.