ജില്ലയില്‍ ‘ഏകാരോഗ്യം’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ ആലോചനാ യോഗം ചേര്‍ന്നു. എ.ഡി.എം. എന്‍.ഐ ഷാജു അദ്ധ്യക്ഷത വഹിച്ചു. ജീവജാലങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരാണ് ഏകാരോഗ്യം പദ്ധതി നടപ്പിലാക്കുന്നത്. മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ ഇവ ഉള്‍പ്പെടുന്ന പരിസ്ഥിതി ഇവ തമ്മിലുള്ള പരസ്പര ബോധം എന്നിവ തിരിച്ചറിഞ്ഞ് ജീവജാലങ്ങള്‍ക്കെല്ലാം അനുയോജ്യമായ ആരോഗ്യസ്ഥിതി കൈവരിക്കുക എന്നതാണ് ഏകാരോഗ്യം പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ എലിപ്പനി പ്രതിരോധത്തിന് വിവധ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം ചേരും. പദ്ധതിയുടെ നടത്തിപ്പിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് കാലാവസ്ഥ മാറ്റം, ജന്തു ജന്യ രോഗങ്ങള്‍, മാലിന്യ സംസ്‌ക്കരണം, പദ്ധതിയുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കും. മൂന്ന് മാസത്തിലൊരിക്കല്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനിച്ചു.

സ്റ്റേറ്റ് ഹെല്‍ത്ത് റിസര്‍ച്ച് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. വി. ജിതേഷ്, ഡി.എം.ഒ. ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സെയതലവി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ പി.എസ്. സുഷമ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.