കൊച്ചി: കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ രംഗത്തെ സമഗ്ര പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അംഗീകാരം.    ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്‌കോച്ച് ചെയര്‍മാന്‍ സമീര്‍ കൊച്ചാറില്‍ നിന്ന് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജയന്‍ കെ.ആര്‍. അവാര്‍ഡ് ഏറ്റുവാങ്ങി.
കേരളത്തിന്റെ തന്നെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ സാങ്കേതിക വിഭാഗം ഒഴികെയുളള മുഴുവന്‍ ജീവനക്കാരും കുടുംബശ്രീ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ മുഖേനയാണ് സേവനമനുഷ്ഠിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് വരെയുളള 16 മെട്രോസ്റ്റേഷനുകളിലായി 3 ഷിഫ്റ്റുകളില്‍ ഏകദേശം 820 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സ്ത്രീകള്‍ മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മെട്രോയാണ് കൊച്ചി മെട്രോ. സ്ത്രീ ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ നൂതന മാതൃകകള്‍ സൃഷ്ടിക്കുകയാണ് കുടുംബശ്രീ.
ഇപ്പോള്‍ മഹാരാജാസ് വരെ എത്തി നില്‍ക്കുന്ന മെട്രോ, തുടര്‍ന്ന് പേട്ട-തൃപ്പൂണിത്തുറ വരെയും അടുത്ത ഘട്ടത്തില്‍ കലൂരില്‍ നിന്നും കാക്കനാട്ടേക്കും പൂര്‍ത്തികരിക്കുമ്പോള്‍ ഇനിയും ഒട്ടേറെ യുവതികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ഫെസിലിറ്റി മാനേജ്‌മെന്റ് സെന്ററിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനത്തിലൂടെ നഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും അതുവഴി അഭ്യസ്ത വിദ്യരായ ഒട്ടേറെ യുവതികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനാണ് കഴിഞ്ഞിട്ടുളളത്.
ലോകത്തില്‍ തന്നെ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം നടപ്പിലാക്കിയ കേരളത്തില്‍ അവര്‍ക്ക് ആദ്യമായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നതിനും അവസരമൊരുക്കാന്‍ എഫ്എംസിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 20 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനാണ് കൊച്ചി മെട്രോയില്‍ ജോലി ലഭ്യമാക്കിയത്.