ആലുവ: നവകേരള ഭാഗ്യക്കുറിയുടെ പ്രചരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ തെരുവു നാടകം സംഘടിപ്പിച്ചു. കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗ ശ്രീയാണ് അണിയറ പ്രവര്‍ത്തകര്‍. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നാടകം ‘ അതിജീവനം’ അരങ്ങേറി.
പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മിതിക്കുമായുള്ള പണം സ്വരൂപിക്കുന്നതിനാണ് സര്‍ക്കാര്‍ നവകേരള ഭാഗ്യക്കുറി ഇറക്കിയത്. 250 രൂപയാണ് വില. അടുത്ത മാസം മൂന്നിന് നറുക്കെടുക്കുന്ന ലോട്ടറി യില്‍ ലക്ഷം പേര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക.
ലോട്ടറിയുടെ പ്രചരണത്തിനു വേണ്ടിയാണ് രംഗ ശ്രീയുടെ നേതൃത്വത്തില്‍ തെരുവു നാടകം ഒരുക്കിയത്. പ്രളയത്തിന്റെ ഭീകരതയും നവകേരള നിര്‍മ്മാണത്തിന്റെ ആവശ്യകതയും വ്യക്തമാക്കുന്നതാണ് 15 മിനിറ്റുള്ള നാടകം. പ്രളയ സമയത്ത് ക്യാമ്പുകളിലുണ്ടായ മതേതര കൂട്ടായ്മയും അവതരണത്തിലുണ്ട്. ചൂഷണത്തിനെതിരെ പ്രകൃതിയുടെ കുറ്റപ്പെടുത്തലോടെയാണ് നാടകം തുടങ്ങുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പിന്നീടുള്ള സര്‍ക്കാര്‍ സഹായങ്ങളും അവതരണത്തിലൂടെ എത്തുന്നു. പ്രകൃതിസംരക്ഷണം എന്ന ഓര്‍മപ്പെടുത്തലിലൂടെയാണ് അവസാനിക്കുന്നത്.
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളായ സിന്നി ജോസഫ്, നീന ഗിരീഷ്, ജീജ ഷിജു, സിംല മോള്‍, സിന്ധു മോഹനന്‍, മോളമ്മ കുമാരന്‍, സിമി ശിവന്‍, എന്നിവരാണ് കലാ സംഘത്തിലുള്ളത്. ആലുവ റയില്‍വെ സ്‌റ്റേഷന്‍, പെരുമ്പാവൂര്‍ െ്രെപവറ്റ് ബസ് സ്റ്റാന്‍ഡ്, കോതമംഗലം ആലില്‍ ചുവട്, മൂവാറ്റുപുഴ കച്ചേരിത്താഴം, എന്നിവിടങ്ങളില്‍ ഇന്നലെ (27.09.18)  അവതരണം നടന്നു.
തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷന്‍, എറണാകുളം ഹൈക്കോടതി ജംഗ്ഷന്‍ , ഇടപ്പള്ളി ലുലു മാള്‍ , കോലഞ്ചേരി എന്നിവിടങ്ങളില്‍ ഇന്ന് (28.09.18) നടക്കും.
ആലുവയില്‍ നടന്ന അവതരണത്തില്‍ സംസ്ഥാന ലോട്ടറി വകുപ്പ് പ്രതിനിധി പി.കെ സന്തോഷ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ ഓസ്റ്റിന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ഷൈന്‍ ടി മണി എന്നിവര്‍ പങ്കെടുത്തു. പ്രളയ ദുരന്തത്തെ അതിജീവിക്കുന്നതിനുള്ള ബഹുജന പങ്കാളിത്തമാണ് പരിപാടി ലക്ഷ്യമിടുന്നത്.