മാനസിക വൈകല്യമുള്ള സ്ത്രീകളെ സംരക്ഷിക്കുന്ന തൃപ്പാദം സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ അന്തേവാസികള്‍ക്ക് സാന്ത്വനവും സഹായവുമായി സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെത്തി. സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ഇവരെന്ന ചിന്തയാണ് ഇത്തരമൊരു സന്ദര്‍ശനം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂളിലെ അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ അന്തേവാസികള്‍ക്കാവശ്യമായ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. ഒരു ദിനം സെന്ററിലെ അന്തേവാസികള്‍ക്കായി മാറ്റിവച്ച വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. കൂടാതെ വീടുകളില്‍നിന്നും തയ്യാറാക്കികൊണ്ടുവന്ന പൊതിച്ചോര്‍ അന്തേവാസികള്‍ക്ക് നല്‍കി അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. തൃപ്പാദം മദര്‍ സുപ്പീരിയര്‍ തബീത്ത എസ്.ഐ.സി, സിസ്റ്റര്‍ ദര്‍ശന എസ്.ഐ.സി, സത്യ എസ്.ഐ.സി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് സാന്ത്വന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബി.യു ദെച്ചമ്മ, അദ്ധ്യാപകരായ തസ്‌നീം മുഹമ്മദ്, എല്‍ അജിത, ബി ശ്രുതി, സിറഷീദ്, പി ഉമ്മര്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.