നവകേരളനിർമിതിയ്ക്കായി പ്രളയാനന്തര തീവ്രശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാർക്കായി ഏകദിനശിൽപ്പശാല നടത്തി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ‘വൃത്തി നേടും കേരളം, വിജയിക്കും കേരളം ‘ എന്ന ആശയത്തിൽ ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ദേശീയ തൊഴിലുറപ്പ് മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് ഹാളിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. പ്രളയമുഖത്ത് സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചതെങ്ങനെയെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ വിശദീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ദുരന്തമുഖത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉദ്യോഗസ്ഥരും യുവജനങ്ങളടക്കമുള്ള പൊതുജനങ്ങൾക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രളയം സൃഷ്ടിച്ചതും പ്രളയത്തിന് മുമ്പ് ഉണ്ടായിരുന്നതുമായ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ബെനില ബ്രൂണോ വിശദമാക്കി.
കാലാവസ്ഥവ്യതിയാനം കേരളത്തിൽ വരുത്തുന്ന മാറ്റങ്ങളെപ്പറ്റി ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി കോർ കമ്മിറ്റിയംഗം സി.നാരായണൻകുട്ടി വിഷയം അവതരിപ്പിച്ചു. ദുരന്തപ്രതിരോധമാർഗങ്ങൾ എങ്ങനെ ഫലപ്രദമാക്കാമെന്ന് കമ്മിറ്റിയംഗം ഡോ.കെ.വാസുദേവൻപിള്ള വിശദമാക്കി. ശുചീകരണയജ്ഞത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെയും ചുമതലകളെപ്പറ്റിയും കുറിച്ച് കില എക്സ്റ്റെൻഷൻ ഫാക്കൽറ്റി എ.മോഹനനും കോർ കമ്മറ്റിയംഗം വി.രാധാകൃഷ്ണനും സംസാരിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും പൊതുയിടങ്ങളിലേക്ക് മലിനജനം ഒഴുക്കുന്നതും ഉൾപ്പെടെ സാധാരണയായി പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട മലിനീകരണ നിയന്ത്രണ നിയമങ്ങൾ മലിനീകരണ നിയന്ത്രണബോർഡ് എൺവയൺമെന്റൽ എഞ്ചിനീയർ വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെങ്ങനെയെന്ന് സെമിനാറിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്. ജോയിന്റ് പ്രോജക്ട് കോഡിനേറ്റർ അറിയിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും നടത്തി.