ചതുരംഗപ്പാറ പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസകരമായ നിമിഷമാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം. ഏറെ നാളത്തെ ദുരിതപൂര്‍ണ്ണമായ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ദുര്‍ഘടമായ പാത താണ്ടി ഇനി വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് പോകേണ്ട ആവശ്യമില്ല. ഉടുമ്പന്‍ചോലയില്‍ ഇനി മുതല്‍ ഒരേ വളപ്പില്‍ ഉടുമ്പന്‍ചോല, ചതുരംഗപ്പാറ വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ആയതുകൊണ്ട് തന്നെ വൈദ്യുതി, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളുടെ ലഭ്യത വളരെ പരിമിതമായിരുന്നു.
1956 ലാണ് ചതുരംഗപാറ വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

1984 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഓഫീസ് ഇതുവരെ പ്രവര്‍ത്തിച്ചു പോന്നിരുന്നത്. തമിഴ്നാട് അതിര്‍ത്തിയായ മാന്‍കുത്തിമേട് മുതല്‍ സേനാപതി വരെ നീണ്ടുകിടക്കുന്ന പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് പരിധിയില്‍ വരുന്നത്. വില്ലേജ് ഓഫീസിന്റെ സമീപപ്രദേശങ്ങളില്‍ ജനസാന്ദ്രത കുറവായത് കൊണ്ട് മറ്റു പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകളും ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നത്. വില്ലേജ് ഓഫീസിലെത്താന്‍ ഉടുമ്പന്‍ചോലയില്‍ എത്തി ഭീമമായ തുക വണ്ടിക്കൂലി നല്‍കണം. പോരാത്തതിന് കാട്ടാന ശല്യം വേറെയും. കൂടാതെ ഫോട്ടോസ്റ്റാറ്റ്, പ്രിന്റ് മുതലായവ ലഭിക്കണമെങ്കില്‍ ഉടുമ്പന്‍ചോലയിലേക്ക് തിരിച്ചെത്തണം.

കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഓഫീസ് ആയതുകൊണ്ട് തന്നെ മോഷണശ്രമങ്ങളും മുന്‍കാലത്ത് നടന്നിരുന്നു. പുതിയ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നതോടെ അസൗകര്യങ്ങളെല്ലാം മറികടന്ന് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവും. ഉടുമ്പന്‍ചോല സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ വരവോടെ ഉടുമ്പന്‍ചോലയുടെ പ്രാദേശികവികസനത്തിന് ഒരേട് കൂടി ചേര്‍ക്കപ്പെടും.

സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമമുറി, ശൗചാലയം, ഓഫീസ് ക്യാബിന്‍, ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള മുറി, സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍, സെര്‍വര്‍ റൂം, റെക്കോര്‍ഡ് റൂം, അംഗപരിമിതര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇനി കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതമായി വില്ലേജ് ഓഫീസ് സേവനങ്ങള്‍ ലഭ്യമാകുമെന്നതില്‍ ഏറെ സന്തോഷത്തിലാണ് പ്രദേശവാസികള്‍.