തിരുവനന്തപുരം ടെക്‌നോപാർക്കിൽ സി-ഡാക്കിൽ ഏകദേശം അമ്പതിനായിരം ചതുരശ്രയടി സ്ഥലത്ത് ഇലക്‌ട്രോണിക്‌സ് ആക്‌സിലറേറ്റർ സ്ഥാപിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാകും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, സി-ഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി. രമണി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ, സി-ഡാക് അസി. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.എം. ശശി എന്നിവർ സന്നിഹിതരായിരുന്നു.

ഇലക്‌ട്രോണിക്‌സിൽ ഇന്ത്യയിലെ ഉന്നതസ്ഥാപനവുമായ സി-ഡാക്കിന്റെ ആദ്യ ആക്‌സിലറേറ്റർ സംരംഭമാണിത്. സി-ഡാക്കിന്റെ പരിജ്ഞാനവും അടിസ്ഥാന സൗകര്യവും ലൈബ്രറിയും പുതിയ സംരംഭത്തിന് ലഭ്യമാകും. ഇലക്‌ട്രോണിക് വ്യവസായ മേഖലയിൽ മികച്ച സ്ഥാപനങ്ങൾ വളർത്തിയെടുക്കാൻ സംസ്ഥാനത്തെ ഏറ്റവും വലിയ ഈ ആക്‌സിലറേറ്റർ സംരംഭത്തിന് കഴിയും. മൂന്നുമാസം കൊണ്ട് പ്രവർത്തനസജ്ജമാകും.