തിരുവനന്തപുരം: തൃശൂർ മുളങ്കുന്നത്തുകാവിൽ പുതുതായി ആരംഭിക്കുന്ന ഡ്രഗ്സ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് വേണ്ടി 24 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഒരു അനലിസ്റ്റ് ഗ്രേഡ്-1, 3 അനലിസ്റ്റ് ഗ്രേഡ്-2, 9 അനലിസ്റ്റ് ഗ്രേഡ്-3, 3 ടെക്നിക്കൽ അസിസ്റ്റന്റ്, 3 ലോവർ ഡിവിഷൻ ടെക്നീഷ്യൻ, 3 ലബോറട്ടറി അറ്റന്റർ, 2 ക്ലാർക്ക് എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ഇതുകൂടാതെ ഓഫീസ് അറ്റന്റഡർ, വാച്ച്മാൻ, സ്വീപ്പർ എന്നിവരേയും നിയമിക്കുന്നതാണ്.

ഔഷധങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൂന്നാമതൊരു ഡ്രഗ്സ് ടെസ്റ്റിംഗ് ലാബ് തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. തൃശൂർ മുളങ്കുന്നത്ത് കാവിൽ 16,300 ചതുരശ്ര അടി വിസ്തീർണത്തിലാണ് അത്യാധുനിക ഡ്രഗ് ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കുന്നത്. ഈ ലാബിൽ ആയുർവേദ ഔഷധങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാൻ സാധിക്കുന്നതാണ്. അത്യാധുനിക സംവിധാനത്തോടെ ലാബ് പ്രവർത്തനസജ്ജമാക്കുന്നതിനായി 3 കോടി രൂപയാണ് അനുവദിച്ചത്. എത്രയും വേഗം ഈ ലാബ് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇത് പ്രവർത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്ത് പരിശോധനയ്ക്ക് വിധേയമാകുന്ന മരുന്നുകളുടെ എണ്ണം വർധിപ്പിക്കാനും ഇതിലൂടെ മരുന്നുകളുടെ ഗുണമേന്മ ഉറപ്പു വരുത്താനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബുകളുള്ളത്. ലാബുകളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് വളരെ പ്രാധാന്യമാണ് നൽകിയിരുന്നത്. ഈ സർക്കാർ വന്ന ശേഷമാണ് ഈ രണ്ട് ലാബുകൾക്കും എൻ.എ.ബി.എൽ. അംഗീകാരം ലഭിച്ചത്.