സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പ്രകൃതി പുനസ്ഥാപനത്തിനും പ്രാമുഖ്യം നല്‍കി ഇത്തവണ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ ഒരു ലക്ഷം പേരുടെ കര്‍മസേനയെ പ്രളയബാധിത പ്രദേശങ്ങളിലുള്‍പ്പെടെ വിന്യസിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ എട്ടിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ആഘോഷങ്ങള്‍ ഒഴിവാക്കി ചെലവു ചുരുക്കിയാണ് പരിപാടികള്‍ നടത്തുക. ഇന്‍ഫര്‍മേഷന്‍ പ്ബളിക് റിലേഷന്‍സ് വകുപ്പിനാണ് വാരാചരണത്തിന്റെ ഏകോപന ചുമതല.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍, തദ്ദേശ’രണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കായിക, കലാ, യുവജന ക്‌ളബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരെ സഹകരിപ്പിച്ച് പരിപാടികള്‍ നടത്തും. പ്രകൃതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍, പുഴ നടത്തം, നദീതട സംരക്ഷണത്തിന്റെ ഭാഗമായി മുള ഉള്‍പ്പെടെയുള്ള സസ്യങ്ങള്‍ നടുക, നദീതീരം തിരിച്ചുപിടിക്കല്‍, ശുചീകരണം, ആരോഗ്യ ക്യാമ്പ്, കൗണ്‍സലിംഗ്, ദുരന്ത വിവരം ലഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, പ്രകൃതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ബോധവത്കരണം, പ്രളയം ബാധിച്ച ഗ്രന്ഥശാലകളിലേക്ക് പുസ്തക സമാഹരണം, റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പുനര്‍നിര്‍മാണം, ഫ്‌ളഡ് മാപ്പിംഗ്, വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ക്‌ളാസുകള്‍, പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പുനര്‍നിര്‍മാണ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കും. സംസ്ഥാനത്ത് നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ  ഭാഗമായി ആരംഭിക്കും.
ഓരോ ജില്ലയിലും കുറഞ്ഞത് 5000 പേരെയെങ്കിലും ഈ പ്രവര്‍ത്തനങ്ങളുടെ  ഭാഗമാക്കും. പ്രളയം ബാധിച്ച പ്രദേശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാവും സംഘാടനം. മഹാത്മ ഗാന്ധിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം, പോസ്റ്റര്‍ പ്രകാശനം എന്നിവയുമുണ്ടാവും. ഹാഷ്ടാഗ് നല്‍കി സോഷ്യല്‍ മീഡിയ കാമ്പയിനും ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനതല പരിപാടികള്‍ക്കായി പി. ആര്‍. ഡി സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രതിനിധികളുമടങ്ങുന്ന വസംഘാടക സമിതി രൂപീകരിച്ചു. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയുമായി സമിതി രൂപീകരിക്കും. ആവശ്യമെങ്കില്‍ ബ്‌ളോക്ക്തല സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.