സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സര്‍വീസ് നടത്തുന്ന ബസ്സുകള്‍ പെര്‍മിറ്റ് പ്രകാരം ഉപയോഗിക്കാവുന്ന കാലാവധി 20 വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ ഗതാഗതവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടു. നിലവില്‍ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകള്‍ക്ക് പെര്‍മിറ്റ് പ്രകാരം 15 വര്‍ഷമാണ് കാലാവധി. ഇതിനെതിരെ കേരളത്തിലെ ബസ്സുടമ സംഘടനകള്‍ ഗതാഗതവകുപ്പുമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുളള ബസ് ബോഡികോഡ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ടുകള്‍, പൊതുഗതാഗത മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍  എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും ഗതാഗതവകുപ്പുമന്ത്രി അറിയിച്ചു.
കേരള മോട്ടോര്‍ വാഹനചട്ടങ്ങളില്‍ ഇതു സംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തും. ചട്ടങ്ങളുടെ ഭേദഗതി നിലവില്‍ വരുന്ന തിയതി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.