റോഡുകളിലെ നിയമലംഘനങ്ങള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. ജില്ലാ വികസന സമതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുമ്പില്‍ നടന്ന വാഹനാപകടത്തിന് കാരണമായ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് യോഗം വിലയിരുത്തി. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിക്കുന്നതും റോഡിൽ റേസിംഗ് ട്രാക്കിലേപ്പോലെ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും പതിവ് പ്രവണതയായി മാറിയിട്ടുണ്ട്.
അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി. മോട്ടോര്‍ വാഹനവകുപ്പ് മഫ്തിയില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട് എന്നും വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പോലീസിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും.
സീബ്രാ ലൈനുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് മുമ്പില്‍ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം. ആവശ്യമായ ഇടങ്ങളില്‍
ഹോം ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്
യോഗം നിര്‍ദേശം നല്‍കി.
പാതയോരങ്ങളില്‍ അപടകഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്ന നടപടി കൂടുതല്‍ വേഗത്തിലാക്കാനും ഇക്കാര്യത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം വിലയിരുത്തി.
വന്യമൃഗ ശല്യം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോട്ടപ്പടി, പ്ലാമുടി, നീണ്ടപാറ, വാവേലി, കുട്ടമ്പുഴ, വടാട്ടുപാറ തുടങ്ങിയ വനാതിര്‍ത്തികളിലെല്ലാം കാട്ടാനകളുടെ ആക്രമണം പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം പ്ലാമുടിയില്‍ ആന വീട് ആക്രമിച്ചിരുന്നു. ഹാങ്ങിംങ് ഫെന്‍സിംഗുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം.
ജനവാസ മേഖലയോട് ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
പന്തപ്ര കോളനി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി -മധുര ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേര്യമംഗലം ഭാഗത്തെ താമസക്കാരുടെ ആശങ്കകള്‍ കൂടി കണക്കിലെടുക്കണ മെന്നും അദ്ദേഹം പറഞ്ഞു.
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എ പറഞ്ഞു. പൂതൃക്ക ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. ചൂണ്ടി രാമമംഗലം റോഡിന്റെയും നെല്ലാട് കിഴക്കമ്പലം റോഡിന്റെയും നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്കണം. തമ്മാനിമറ്റം തൂക്കുപാലം നിര്‍മ്മാണവുമുമായി ബന്ധപ്പെട്ട നടപടികള്‍ വൈകരുത്. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കിഴക്കമ്പലം ബസ് സ്റ്റാന്റ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ അടിയന്തര നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണാനുമതി നല്‍കിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. തീരദേശ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വേഗത്തിലാക്കണം. അണിയില്‍ ബീച്ചില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍ എത്രയും വേഗം നീക്കം ചെയ്യണം. പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തണം. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കുട്ടികളുടെ തീയേറ്റര്‍ നവീകരിക്കേണ്ടതാണ്. നായരമ്പലം ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡത്തിലെ കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹക്കണമെന്ന് ഉമ തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന നിലവിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. അനധികൃതമായി വൈദ്യുത പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ കൃത്യമായി നീക്കം ചെയ്യണം. പോസ്റ്റില്‍ നിന്ന് നീക്കം ചെയ്ത കേബിളുകള്‍ ആ സ്ഥലത്ത് നിന്ന് മാറ്റുന്നു എന്ന് ഉറപ്പ് വരുത്തണം. കളക്ടറേറ്റിലെ ഗേറ്റുകള്‍ക്ക് നമ്പര്‍ നല്‍കുന്ന കാര്യം പരിഗണിക്കണം. ഇത് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ജില്ലയിലെ ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
ബോട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിന്
ദുരന്ത നിവാരണ അതോറിറ്റി യുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ പി.വി ശ്രീനിജിന്‍, ആന്റണി ജോണ്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.