മരട് നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും, മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘകാല സമഗ്ര ഖര മാലിന്യ രൂപ രേഖ തയ്യാറാക്കുന്നു. സർക്കാർ നിർദേശപ്രകാരം കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിക്കുന്ന വിദഗ്ദർ ആയിരിക്കും രൂപരേഖ തയ്യാറാക്കുക. ആദ്യപടിയായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ ശേഖരിക്കുവാനായി പൊതു കൂടിയാലോചന യോഗം ചേർന്നു. നഗരസഭയുടെ അടുത്ത 25 വർഷത്തേക്കുള്ള മാലിന്യ പരിപാലിന് രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്.

കുണ്ടന്നൂർ പെട്രോ ഹൗസിൽ ചേർന്ന യോഗം കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ആൻ്റണി ആശാൻ പറമ്പിൽ അധ്യക്ഷത വഹിച്ചു. കേരള ഖര മാലിന്യ സംസ്കരണ പദ്ധതി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓഡിനേറ്റർ ധന്യ ശശിധരൻ പ്രോജക്ടിനെ കുറിച്ചുള്ള വിശദീകരണം നടത്തി. കെ എസ് ഡബ്ലിയു എംപി എഞ്ചിനീയർ ആര്യ പി പുരുഷോത്തമൻ, നഗരസഭയുടെ നിലവിലെ അവസ്ഥ വിശദീകരിച്ചു. മൂന്ന് ഗ്രൂപ്പ് ആയി തിരിഞ്ഞു ചർച്ച നടത്തി റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി ടി രാജേഷ്, ചന്ദ്ര കലാധരൻ, അജിതാനന്ദകുമാർ, മിനി ഷാജി, നഗരസഭ സെക്രട്ടറി ഇ നാസിം എന്നിവർ സംസാരിച്ചു.

കൗൺസിലർമാർ, ആശ വർക്കർമാർ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, സ്കൂളുകൾ, റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, ഹരിതകർമസേന, കില, നഗരസഭ ആരോഗ്യ വിഭാഗം, ടെക്നിക്കൽ കൺസൾറ്റന്റ്സ് എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.