വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവത്തനങ്ങൾ ആരംഭിച്ചു. പട്ടികജാതി കോളനികളിൽ സമഗ്ര വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളനിയിൽ നടപ്പാക്കുക. ഇതിന്റെ ഭാഗമായി കോളനിയിലെ 34 വീടുകൾ അറ്റകുറ്റപണി നടത്തി നവീകരിക്കും. അങ്കണവാടിയുടെ നവീകരണം, പൊതുകുളം നവീകരണം, നടപ്പാത കോൺക്രീറ്റിങ്ങ്, കോളനി റോഡുകളുടെ നിർമ്മാണം, ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങളും കായിക ഉപകരണങ്ങളും ലഭ്യമാക്കൽ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 40 പട്ടികജാതി കുടുംബങ്ങളുൾപ്പെടെ 50 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ വസിക്കുന്ന കോളനികളെയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്.

പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവത്തനങ്ങളുടെ ഉദ്ഘാടനം പി വി ശ്രീനിജിൻ എം എൽ എ നിർവഹിച്ചു. പട്ടികജാതി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും ഇത് വഴി പട്ടികജാതി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിയുമെന്നും പി. വി. ശ്രീനിജിൻ എം എൽ എ പറഞ്ഞു. ഓരോ നിയോജകമണ്ഡലത്തിലും എം എൽ എ മാരാണ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കേണ്ട കോളനികളെ തിരഞ്ഞെടുക്കുന്നത്. ഒരുവർഷം രണ്ട് കോളനികളെ വീതം പദ്ധതിക്കായി തിരഞ്ഞെടുക്കാം.