2023 ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വൈകുന്നേരം 3 മണിക്കകം ഓൺലൈൻ പേമെന്റായോ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടക്കണം. ഫീസ് അടക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റം ബന്ധപ്പെട്ട സ്തീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. റദ്ദാക്കപ്പെട്ടന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല.
ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം: ആദ്യ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ട ഫീസ് അടയ്ക്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യ ഘട്ടത്തിൽ അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനായി വിദ്യാർഥികൾ ഹോം പേജിൽ പ്രവേശിച്ച് ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്.
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/ കോഴ്‌സ് എന്നിവ ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വൈകുന്നേരം 4 വരെ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലേയ്ക്കും അനുബന്ധമായി ചേർത്ത സർക്കാർ/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലേയ്കം ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം. ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചവരിൽ നിശ്ചിത തീയതിക്കുള്ളിൽ ഫീസ് അടയ്കാത്തവർ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരുന്നാൽ പോലും നിലവിലെ അലോട്ട്‌മെന്റം ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും നഷ്ടമാകുകയും തുടർന്ന് ഈ വിദ്യാർഥികളെ രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ ബന്ധപ്പെട്ട സ്ട്രീമിലെ അലോട്ട്മെന്റിന് പരിഗണിക്കുന്നതുമല്ല. 2023 ലെ ആർക്കിടെക്ച്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടി ആർക്കിടെക്ച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.