കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018 – 2019 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികൾക്കുള്ള സമഗ്ര പോഷണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി കെ ശ്രീമതി ടീച്ചർ എംപി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മാർഗരറ്റ് ജോസ്, തോമസ് വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ഐസി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി എ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് നൂതന പദ്ധതിയായാണ് പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികൾക്കായുള്ള സമഗ്ര പോഷണ പരിചരണ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദിവസേന 200 മില്ലി ലിറ്റർ പാൽ, മുട്ട, പഴം എന്നിവ ആശാവർക്കർമാർ മുഖേന ഗർഭിണികൾക്ക് നേരിട്ട് നൽകും. ഓരോ മാസവും തൂക്കവും മറ്റ് ആരോഗ്യാവസ്ഥയും പരിശോധിച്ച ശേഷം ആവശ്യമായ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തിയാണ് കിറ്റുകൾ നൽകുക. പ്രസവ ശേഷവും പോഷകാഹാര കിറ്റുകൾ നൽകും. ആവശ്യമുള്ളവർക്ക് ആയുർവേദ ചികിൽസയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കും. ഇതോടൊപ്പം ഇതോടൊപ്പം ആരോഗ്യ ബോധവത്കരണ ക്ലാസുകളും നൽകും. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഗർഭിണികൾക്കുള്ള ആരോഗ്യ പരിശോധനയും നടന്നു.