കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാൻ സർക്കാർ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി പറഞ്ഞു. ആർ.സി.സിയിൽ ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആർ.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജും അനെർട്ടിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന സൗരോർജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമാണ് നിർവഹിച്ചത്.

കാൻസർ നേരത്തെ കണ്ടുപിടിക്കുക, പ്രാരംഭത്തിൽ തന്നെ ചികിത്സിക്കുക, മികച്ച ചികിത്സയ്ക്കായി ആധുനിക ചികിത്സാ സങ്കേതങ്ങൾ ഉണ്ടാകുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ കാൻസർ കെയർ ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളേയും കാൻസറിനേയും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സർക്കാർ ആർദ്രം ജീവിതശൈലി രോഗനിർണയ കാമ്പയിൻ ആരംഭിച്ചു. ഇതിലൂടെ 1.45 കോടി പേരെ സ്‌ക്രീൻ ചെയ്യാൻ സാധിച്ചു. പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ച് ആവശ്യമായവർക്ക് പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നു. കാൻസർ ബാധിച്ചവർക്ക് ചികിത്സ ഉറപ്പാക്കാനായി 14 ജില്ലകളിലും കാൻസർ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ട്. ക്യാൻസർ ഡേറ്റ രജിസ്ട്രിയും ആരംഭിച്ചു.

കാൻസർ രോഗമുണ്ടെങ്കിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ജനപങ്കാളത്തോടെ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റീജിയണൽ കാൻസർ സെന്റർ ആധുനിക രീതിയിൽ ശാസ്ത്രീയമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ആർ.സി.സി.യിൽ പുതിയ ചികിത്സാ സംവിധാനങ്ങളൊരുക്കുന്നത്.

അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള രോഗീസൗഹൃദ 3 ടെസ്ല എം.ആർ.ഐ. യൂണിറ്റാണ് ആർ.സി.സിയിൽ സജ്ജമാക്കിയിരിക്കുന്നത്. 19.5 കോടി രൂപയാണ് ഈ മെഷീൻ സ്ഥാപിക്കാൻ ചെലവായിട്ടുള്ളത്. സാധാരണ എം.ആർ.ഐ യൂണിറ്റിനെക്കാൾ വേഗത്തിൽ കൂടുതൽ ചിത്രങ്ങൾ എടുത്ത് വിശകലനം നടത്തി രോഗ നിർണയം നടത്താനുള്ള ഹൈടെക് സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്തനാർബുദ നിർണയത്തിനുള്ള ബ്രസ്റ്റ്കോയിൽ, പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിനുള്ള പ്രത്യേക സംവിധാനം എന്നിവയും ഈ യൂണിറ്റിൽ ഉണ്ട്. ഗ്രീൻ പ്രോട്ടോകോൾ പ്രകാരം എനർജി ഓഡിറ്റ് നടത്തി പൂർണമായി സർക്കാർ ആശുപത്രികളെ സൗരോർജത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. ആശുപത്രികളിലെ വൈദ്യുതി ചാർജ് വളരെയേറെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. പൂർണമായും സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയായി ആർസിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ. നായർ, അനെർട്ട് സി.ഇ.ഒ. നരേന്ദ്രനാഥ് വേലൂരി, കൗൺസിലർ ഡി.ആർ. അനിൽ, ആർ.സി.സി. അഡീഷണൽ ഡയറക്ടർ ഡോ. എ. സജീദ് എന്നിവർ പങ്കെടുത്തു.