പത്തനംതിട്ട: പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതു മൂലം ഭാവി ഇരുളടയുമെന്ന ഭീതിയിലായിരുന്നു റാന്നി താലൂക്കിലെ വയലത്തല പള്ളിയേത്ത് വീട്ടിലെ പ്രിമിത്തും പെരുനാട് പാറാനിക്കല്‍ ടിങ്കു സജു ജോസഫും. തുടര്‍വിദ്യാഭ്യാസ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അത്തിക്കയത്തെ ബന്ധുവീട്ടില്‍ താമസിക്കുന്നതിനായി എത്തിയതായിരുന്നു  വിദ്യാര്‍ത്ഥിയായ പ്രിമിത്ത്. ഓഗസ്റ്റ് 15ന് ജില്ലയില്‍ അപ്രതീക്ഷിതമായി ഉണ്ടായ മഹാപ്രളയത്തില്‍ പ്രിമിത്തിന് നഷ്ടമായത് ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ രേഖകളാണ്.
വിദ്യാഭ്യാസ ആവശ്യവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ടിങ്കു ജോസഫിന് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായത്. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിനായി എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കമ്പോഴാണ് ജില്ലാ ഭരണകൂടം സംസ്ഥാന ഐടി മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അദാലത്തിനെ പറ്റി ഇരുവരും അറിയാനിടയായത്. ഉടന്‍ തന്നെ ഇരുവരും അദാലത്തില്‍ എത്തുകയായിരുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അവര്‍. ടിങ്കു സജു ജോസഫിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ആദ്യ സര്‍ട്ടിഫിക്കറ്റ് കൈമാറി. ജില്ലാ കളക്ടര്‍ക്കും ജില്ലാഭരണകൂടത്തിനും നന്ദി പറഞ്ഞു കൊണ്ടാണ് ഇരുവരും സര്‍ട്ടിഫിക്കറ്റുമായി തിരികെ വീട്ടിലേക്ക് മടങ്ങിയത്.
വിവിധയിനം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി ആകെ 62 അപേക്ഷകളാണ് ലഭിച്ചത്.  ഇതില്‍ 52 എണ്ണവും ഡിജിലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.