പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ഇന്നിപ്പോള്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനയോഗ്യമാം വിധം സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 51 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ തുടങ്ങിയ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും 1.75 കോടി ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുക. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്ന 15 ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ കൊല്ലം 34,000 കോടി രൂപ വരുമാനവും മേഖലയില്‍ നിന്ന് നേടാനായി. ഇതൊക്കെ കണക്കിലെടുത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. നടപ്പിലാക്കുന്ന  സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജി. എസ്. ജയലാല്‍ എം. എല്‍. എ അധ്യക്ഷനായി. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, വൈസ് പ്രസിഡന്റ് നദീറ കൊച്ചസ്സന്‍, സെക്രട്ടറി ബിജു സി. നായര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഡി. ടി. പി.സി സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.