ക്ഷീരവികസന വകുപ്പിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു. ശനിയാഴ്ച (12) രാവിലെ 11 ന് കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. പുതുതായി പണിതീര്‍ത്ത തങ്കമണി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ കെട്ടിട ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തും. കന്നുകാലി പ്രദര്‍ശന മത്സരം, ക്ഷീരകര്‍ഷക സെമിനാര്‍, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഗമത്തോടനുബന്ധിച്ച് നടത്തും. രാവിലെ 8 മണിക്ക് തങ്കമണി തീയറ്റര്‍പടിയില്‍ കന്നുകാലി പ്രദര്‍ശന മത്സരവും തുടര്‍ന്ന് 9 മണിക്ക് കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കര്‍ഷക സെമിനാറും സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനുമോള്‍ ജോസ്, ജോര്‍ജ് പോള്‍, കെ എഫ് വിനോദ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, സഹകാരികള്‍, ക്ഷീരകര്‍ഷകര്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.