ഓപ്പൺ ഹാർഡ്‌വെയർ, ലാംഗ്വേജ് ടെക്‌നോളജി, അസിസ്റ്റീവ്  ടെക്‌നോളജി തുടങ്ങി സ്വതന്ത്ര സോഫ്‌റ്റ്വെയർ രംഗത്തെ സാധ്യതകൾ തുറന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൺസ് (ഐസിഫോസ്)ന്റെ  ഫോസ് പ്രൊഫഷണൽ മീറ്റ് .  ഫ്രീഡംഫെസ്റ്റ് 2023ന്റെ ഭാഗമായി എൻജിനീയറിംഗ് വിദ്യാർഥികൾ ഉൾപ്പടെ യുവ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഐസിഫോസ്  പരിപാടി സംഘടിപ്പിച്ചത്. ഓപ്പൺ ഹാർഡ്‌വെയർ വിഭാഗത്തിൽ തന്നെ ഓപ്പൺ ഐഒടി (ഓപ്പൺ സോഴ്‌സ് ഇന്റർനെറ്റ് ഓഫ് തിങ്‌സ്), ഓപ്പൺ ഡ്രോൺ, ജിഐഎസ് ആന്റ് ഇആർപി എന്നീ വിഷയങ്ങളിൽ വിദഗ്ധർ അവതരണങ്ങൾ നടത്തി.

       സർക്കാർ സ്ഥാപനങ്ങളെ മുഴുവനായും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറ്റുക എന്നൊരു പ്രധാനപ്പെട്ട ചുമതലകൂടി ലാംഗ്വേജ് ടെക്‌നോളജി വിഭാഗത്തിൽ ഐസിഫോസിസ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി നടത്തിവരുന്ന പ്രത്യേക പരിശീലന പരിപാടിയെക്കുറിച്ചും വിശദീകരിച്ചു.

       കാഴ്ചപരിമിതിയും, പഠനവൈകല്യവുമുള്ള വിദ്യാർഥികൾക്കായി പ്രത്യേകം വികസിപ്പിച്ച അക്ഷി ബ്രെയ്‌ലി ലേണർ, അക്ഷി ക്രോസ് വേർഡ് പസിൽ, അക്ഷി ടാക്ടൈൽ മാപ്പ്, അൽനം വേർഡ് ബിൽഡർ, അൽനം റൈറ്റിംഗ് അസിസ്റ്റ്, അൽനം സെൻസറി ആൽഫബറ്റ് തുടങ്ങിയ ഉപകരണങ്ങളും അവയുടെ പ്രവർത്തന രീതിയും സെഷനിൽ പരിചയപ്പെടുത്തി.

       സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഐസിഫോസ്  നടപ്പാക്കുന്ന സ്വതന്ത്ര ഇൻക്യുബേറ്ററിനെക്കുറിച്ച് നടത്തിയ അവതരണം യുവാക്കൾക്ക് ഏറെ പ്രയോജനകരമായി.  ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞചെലവിൽ ഇൻഡസ്ട്രിയൽ സംവിധാനത്തോടെയുള്ള ഇൻക്യുബേഷൻ സൗകര്യം ഒരുക്കുന്നതാണ്  സ്വതന്ത്ര ഇൻക്യുബേറ്റർ.

       ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രദർശനമേളയിൽ ഐസിഫോസ്  പ്രത്യേകം സ്റ്റാൾ സജ്ജീകരിച്ചിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പഠനത്തിന് മുതൽകൂട്ടാകുന്ന പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാണ്.