കരിയർ സാധ്യതകളുടെ ജാലകം തുറന്ന് ലൈഫോളജി

       കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവരുടെ കഴിവുകൾക്കനുയോജ്യമായ   തൊഴിൽമേഖലകൾ കണ്ടെത്തുന്ന ലൈഫൊളജിയുടെ കരിയർ സൂപ്പർഹീറോ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റിൽ ശ്രദ്ധേയമായി. 13 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൂപ്പർഹീറോ പ്രോഗ്രാമിന്റെ ഭാഗമാകുന്നതിലൂടെ ഒരു വർഷകാലം വിവിധ കൗൺസിലിങ് സെഷനിലൂടെയും അഭിരുചി നിർണ്ണയ പരീക്ഷകളിലൂടെയും കുട്ടികളുടെ താൽപര്യങ്ങൾ മനസ്സിലാക്കി അവക്കിണങ്ങുന്ന 3 കരിയർ തെരഞ്ഞെടുത്തു നൽകും. ഏറ്റവും അധികം വിദ്യാർഥികൾ പങ്കെടുത്ത അഭിരുചി പരീക്ഷയുടെ ഗിന്നസ് റെക്കോർഡുള്ള സ്ഥാപനമാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ലൈഫൊളജി. ഒരു വർഷക്കാലം കുട്ടികളുടെ കരിയർ സംബന്ധമായ ഏതൊരു ആവശ്യത്തിനും ഒരു കരിയർ ഗുരുവിന്റെ സേവനവും സൂപ്പർഹീറോ പ്രോഗ്രാമിന്റെ ഭാഗമായി ലൈഫൊളജി കുട്ടികൾക്കായി നൽകുന്നു.

പ്ലാസ്റ്റിക് വിമുക്ത കേരളം ലക്ഷ്യമാക്കി വർഷ്യ

       പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരവധി പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ പ്ലാസ്റ്റിക്ക് മുക്ത കേരളം എന്ന ലക്ഷ്യവുമായാണ് വർഷ്യ എന്ന സ്റ്റാർട്ടപ്പ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. വിവിധ പരിസ്ഥിതി സൗഹാർദ്ദ പാക്കേജിങ്ങ് ഉൽപ്പന്നങ്ങൾ വർഷ്യ ഉൽപ്പാദിപ്പിക്കുന്നു.

പേപ്പർ ബാഗുകൾ, ഐസ്‌ക്രീം ബോക്‌സുകൾ എന്നിവയാണ് പ്രധാന ഉൽപ്പനങ്ങൾ. കരിമ്പ്, കരിക്ക്, ചോളം മുതലായവയുടെ സ്റ്റാർച്ചിൽ നിന്നും രൂപകൽപ്പന ചെയ്യുന്ന വിവിധതരത്തിലുള്ള ബാഗുകളും ഐസ്‌ക്രീം ബോക്‌സുകൾ, പേപ്പർ പേനകൾ തുടങ്ങിയ പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളും വർഷ്യയുടെ സ്റ്റാളിലെ ആകർഷണങ്ങളാണ്. ഉൽപ്പാദനത്തിലെയും വിതരണത്തിലെയും വനിതാ പ്രാതിനിധ്യത്തിലൂടെ സ്ത്രീശാക്തീകരണവും വർഷ്യ ലക്ഷ്യമാക്കുന്നു.

ചെറുകിട വ്യവസായമേഖലകളെ ശാക്തീകരിക്കാൻ സ്റ്റാർട്ടപ്പായ തരാമോ.കോം

       3D പ്രിന്റിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർട്ടപ്പ് കമ്പനിയായ  തരാമോ.കോം പ്രദർശനം ശ്രദ്ധ നേടുകയാണ്. സ്വന്തമായി 3D പ്രിന്റർ രൂപകൽപ്പന ചെയ്ത രാജ്യത്തെ ചുരുക്കം  സ്ഥാപനങ്ങളിലൊന്നാണ് തരാമോ.കോം.  ഉത്പാദന മേഖലയിൽ തടസ്സം അനുഭവിക്കുന്ന ചെറുകിട സംരഭകരെ 3D പ്രിന്റിംഗിന്റെ സഹായത്താൽ ചുരുങ്ങിയ ചെലവിൽ ഉത്പനങ്ങൾ നിർമ്മിക്കാൻ തരാമോ. കോം സഹായിക്കുന്നു.

       സംരംഭകരിൽ നിന്നും ഡിസൈൻ ശേഖരിച്ച ശേഷം പ്ലാസ്റ്റിക്ക് കമ്മലുകൾ, കീ ചെയ്നുകൾ ഗാർഹിക ഉത്പനങ്ങൾ  എന്നിവ നിർമിച്ചു നൽകുന്ന സംവിധാനങ്ങളും എക്‌സിബിഷൻ സ്റ്റാളിലുണ്ട്. 3D പ്രിന്റിംഗിലൂടെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏതൊരു വസ്തുവും തരാമോ. കോം ചെറുകിട സംരംഭകർക്കായി ചെയ്തുകൊടുക്കുന്നു. സംരംഭക ആശയമുള്ളവർക്ക് ഉത്പാദനമേഖലയിൽ ഇടപെടൽ നടത്തുന്നതിനുള്ള പിൻതുണ തരാമോ. കോം നൽകുന്നു.