പരിമിതിയിലും പതറാതെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശന-വിപണന മേളയായി മാറി ജില്ലാതല സംഗമം. വിവിധ വർണ്ണത്തിലും രൂപത്തിലും നിർമ്മിച്ച പൂചെണ്ടുകൾ, നിറങ്ങൾ ചാലിച്ചെഴുതിയ അലങ്കാര ബോട്ടിലുകൾ, വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള കുട്ടകൾ, ക്ലീനിങ് ഉത്പന്നങ്ങളായ ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ചവിട്ടികൾ തുടങ്ങി മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾ നിർമിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് ബഡ്സ് ദിനാചരത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ ഒരുക്കിയിരുന്നത്.

ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂളുകളിലെ വിദ്യാർഥികളുടെ കരവിരുതിൽ വിരിഞ്ഞ അലങ്കാര വസ്തുക്കളും ക്ലീനിങ് ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. ബഡ്സ് സ്ഥാപനങ്ങളിലെ 18 വയസിനു മുകളിലുള്ളവരെ സ്വാശ്രയത്വത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് സ്ഥാപനങ്ങളിൽ ഇത്തരം ഉപജീവന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമുള്ള അമ്മമാർക്കും സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.