തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി,ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ അത്താഘോഷം ഈ വർഷം ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടപ്പിലാക്കുന്നു. മാലിന്യത്തിൻ്റെ അളവ് കുറച്ചും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിച്ചുമാണ് ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നത്.

ഇതിൻ്റെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള കോളേജിലെ എൻ എസ് എസ് കുട്ടികളെ ഉൾപ്പെടുത്തി വിപുലമായ ബോധവത്കരണ പരിപാടികൾ, രാത്രി നടത്തം എന്നിവ സംഘടിപ്പിക്കുന്നു. ആർ എൽ വി കോളേജിലെ കുട്ടികളുടെ നേതൃത്വത്തിൽ ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മതിൽ, ടോൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്കരണ ആശയം ഉൾകൊണ്ടുള്ള ചുവർ ചിത്ര രചനയും നടന്നു വരുന്നു.

അത്താഘോഷ ദിവസം ഉണ്ടാകുന്ന അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ വിവിധ പോയിൻ്റുകളിൽ ബിന്നുകൾ സ്ഥാപിക്കും, ഇതിന് നേതൃത്വം നൽകാൻ വോളൻ്റിയേഴേസിനെ ചുമതലപ്പെടുത്തും . ജൈവ മാലിന്യം ശേഖരിച്ച് ഇത് സംസ്കരിച്ച് വളമാക്കാനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വില്പനയും കർശനമായ നിരോധിച്ചുകൊണ്ടുള്ള നടപടികൾ മുനിസിപ്പാലിറ്റി നടത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികളും പിഴയും ചുമത്തും.