ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 9 വരെ വിവിധ പരിപാടികള്‍

ഓണത്തിന്റെ പെരുമയും പാരമ്പര്യവും വിളിച്ചോതും വിധം തൃക്കാക്കരയില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. തൃക്കാക്കരയിലെ ഓണാഘോഷ പരിപാടികള്‍ വിശദീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഓണം ഒരുമയുടെ സന്ദേശമാണ് നല്‍കുന്നതെന്നും ആ സന്ദേശം ഉള്‍ക്കൊള്ളും വിധമാണ് ഇത്തരത്തില്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും പറഞ്ഞു.

ഓണത്തിന്റെ ഐതിഹ്യവും പാരമ്പര്യവും കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി ഈ ആഘോഷപരിപാടികള്‍ക്കുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 25 വരെയാണ്
വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓണവിളക്ക് തെളിയിക്കും തുടര്‍ന്ന് ഓണവിളംബര ജാഥ നടക്കും. തൃക്കാക്കര മുനിസിപ്പാലിറ്റി കാര്യലയത്തിലൂടെയും കളക്ടറേറ്റിലൂടെയും ജാഥ കടന്നുപോകും. 22 ന് രാവിലെ 9 ന് മെഗാ പൂക്കള മത്സരം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. അന്ന് ഉച്ചക്ക് രണ്ടിന് കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ മെഗാ വടം വലി മത്സരവും ക്രമീകരിച്ചിട്ടുണ്ട്. 23 ന് ജില്ലാ പഞ്ചായത്ത് പ്രിയ ദര്‍ശിനി ഹാളില്‍ സാഹിത്യ സംഗമം നടക്കും. 24 ന് തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ ചിത്രപ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 25 ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പേരില്‍ സ്വാതന്ത്ര്യ സമര സ്മരണാജ്ഞലിയും സംഘടിപ്പിക്കും.

ആഘോഷ ദിവസങ്ങളിലെല്ലാം തൃക്കാക്കര നഗരസഭ ഓപ്പണ്‍ സ്റ്റേജില്‍ വൈകിട്ട് 6 ന് വിവിധ കലാ സാംസ്‌കാരിക പരിപാടികളും നടക്കും. ഇക്കുറി ആകാശവാണിയും ഓണാഘോഷ പരിപാടികളുടെ ഭാഗമാകുന്നുണ്ട്. ആകാശവാണി കലാകാരന്മാര്‍ അണിനിരക്കുന്ന വിവിധ പരിപാടികളും നഗരസഭ ഓപ്പണ്‍ സ്റ്റേജിലെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിലുള്ള വിവധ പരിപാടികള്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 6 വരെ നടക്കും. ഓഗസ്റ്റ് 28ന് രാവിലെ ചിത്രപ്പുഴ പാലത്തിന് സമീപം അത്ത പതാക സ്വീകരിക്കും. പിന്നീട് തൃക്കാക്കര ക്ഷേത്രത്തില്‍ എത്തിച്ച് പൂജിച്ച ശേഷം കാക്കനാട് ജംഗ്ഷനില്‍ പതാക ഉയര്‍ത്തും. സെപ്റ്റംബർ 4 ന് വൈകിട്ട് 5 ന് കാക്കനാട് ജംഗ്ഷനില്‍ കൈകൊട്ടിക്കളിയും തുടര്‍ന്ന് നഗരസഭാ ഓപ്പണ്‍ സ്റ്റേജില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടക്കും. സെപ്റ്റംബർ 5 ന് വൈകിട്ട് 4ന് എന്‍.ജി.ഒ ക്വാട്ടേഴ്‌സ് ജംഗ്ഷനില്‍ വടംവലിയും അന്നുതന്നെ വൈകിട്ട് 6.30ന് കാക്കനാട് ജംഗ്ഷനില്‍ തിരുവാതിരകളിയും ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 7 ന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് 7 ന് നാടന്‍പാട്ട് അവതരണം നടക്കും. അതേ വേദില്‍ സെപ്റ്റംബർ 8 ന് വൈകിട്ട് 7 ന് മ്യൂസിക്കല്‍ ഫ്യൂഷന്‍ പരിപാടി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 9 ന് വൈകിട്ട് 4 ന് ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളി പരിസരം മുതല്‍ മുതല്‍ കാക്കനാട് പരേഡ് ഗ്രൗണ്ട് വരെ ഘോഷയാത്ര നടക്കും. തുടര്‍ന്ന് പരേഡ് ഗ്രൗണ്ടില്‍ തന്നെ വൈകിട്ട് 6.30 ന് സാംസ്‌കാരിക സമ്മേളനവും ശേഷം 7.30 ന് മെഗാ ഗാനമേളയും നടക്കും.

കളക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനിതാ റഹിം, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, വൈസ് ചെയര്‍മാന്‍ പി.എം യൂനുസ്, നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.