തൃശൂർ – പൊന്നാനി കോൾ നിലങ്ങളിൽ ഇറിഗേഷൻ ആക്ട് നടപ്പിലാക്കുന്നത് ഉൾപ്പെടെ കോൾ കഷകരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ,സ്റ്റ് 16 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്യത്തിൽ ഉന്നതതല യോഗം ചേരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശൂർ ജില്ലാ കോൾ കർഷക പ്രതിനിധി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ജില്ലകളിലെ വിവിധ വികസന പ്രശ്നങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 28 ന് തൃശൂർ ലൂർദ്ദ് പള്ളി ഹാളിൽ നടക്കുന്ന മേഖലാതല യോഗത്തിൽ ഇടിയഞ്ചിറ, ഏനാമാക്കൽ റഗുലേറ്ററുകൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ വിഷയം പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

നെൽ കർഷകർക്ക് നൽകാനുള്ള സംഭരണത്തുക പരമാവധി ഓണത്തിന് മുമ്പ് കൊടുത്ത് തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കണിമംഗലം, അന്തിക്കാട് പാടശേഖര സമിതികൾക്ക് നൽകാനുള്ള പമ്പിങ്ങ് സബ്സിഡി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. അന്തിക്കാട് പാടശേഖരത്തിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയെ ചുമതലപ്പെടുത്തി. പുതിയ നെൽവിത്തുകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിന് കാർഷിക സർവകലാശാലയുടെ സഹായം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.2023 – 24 വർഷത്തേക്കുള്ള ജില്ലാ കോൾ ഉപദേശക സമിതി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.

ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ അധ്യക്ഷത വഹിച്ചു.
മുരളി പെരുനെല്ലി എംഎൽഎ , സബ്എ കലക്ടർ മുഹമ്മദ് ശഫീക്ക്, എഡിഎം ടി മുരളി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ മേരി ഡാനിയേൽ , ഡെ. കലക്ടർ (എൽ ആർ ) പി ഐ വിഭൂഷണൻ, തൃശൂർ പുഞ്ച സ്പെഷ്യൽ ആഫീസർ എം കെ ഇന്ദു , കോൾ ഉപദേശകസമിതി അംഗങ്ങളായ കെ കെ കൊച്ചു മുഹമ്മദ്, എം ആർ മോഹനൻ, എൽ കെ സുബ്രഹ്മണ്യൻ, കെ ഡി എ മെബർ കെ എ രവീന്ദ്രൻ, തൃശൂർ ജില്ലയിലെ കോൾ കർഷകരിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികൾ, കോൾ ഉപദേശക സമിതി അംഗങ്ങൾ, കെ ഡി എ, കെ എൻ ഡി സി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇറിഗേഷൻ ഡിവിഷൻ എക്സി. എഞ്ചിനീയർ ടി കെ ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു