കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബഡ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. എടത്തല രാജീവ്‌ ഗാന്ധി സഹകരണ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദിനാഘോഷം എറണാകുളം ജില്ലാ കളക്ടർ എൻ. എസ്‌. കെ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി കുടുംബശ്രീയുടെയും തദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ബഡ്‌സ് സ്ഥാപനങ്ങൾ. കേരളത്തിൽ ആദ്യമായി ബഡ്‌സ് സ്ഥാപനം ഉദ്ഘാടനം ചെയ്ത ഓഗസ്റ്റ് 16 ന് എല്ലാവർഷവും ബഡ്‌സ് ഡേ ആയി ആചരിക്കുന്നത്.

എടത്തല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജില്ലാ ശിശു ക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ കെ. എസ്‌.അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. സിനിമ താരം കലാഭവൻ നവാസ്, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സനിതാ റഹീം, വാഴക്കുളം ബ്ലോക്ക്‌ പ്രസിഡന്റ്‌ അൻവർ അലി, കേരള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ പി.കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ, എൽ.എസ്‌.ജി.ഡി ജോയിന്റ് ഡയറക്ടർ പി.എം ഷഫീഖ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ശ്രീമതി ടി.എം റജീന,എടത്തല സിഡിഎസ്‌ ചെയർപേഴ്സൺ സീന മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ബഡ്‌സ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഉത്പന്ന പ്രദർശന മേള, പെരുമ്പാവൂർ സിംഗിംഗ് ബേർഡ്സ് അവതരിപ്പിച്ച ഗാനമേള എന്നിവ ഉണ്ടായിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാകൾക്കും ഉദ്യോഗസ്ഥർക്കും മറക്കാനാവാത്ത ദിവസമായിരുന്നു ബഡ്‌സ് ദിനാഘോഷം.