കേരള ഫീഡ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം ആവർത്തിത ചെലവ് വലിയ രീതിയിൽ കുറയ്ക്കുകയും ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഇരിങ്ങാലക്കുട, കാട്ടൂർ, നടവരമ്പ് പ്രദേശങ്ങളിലെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

നിയോജകമണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ 1250 വിദ്യാർത്ഥിനികൾക്കാണ് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തത്. തുടർന്ന് ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസും നടന്നു. കേരള ഫീഡ്സ് ലിമിറ്റഡ് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കേന്ദ്ര പൊതു മേഖല സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരള ഫീഡ്സ് ലിമിറ്റഡ് ചെയർമാൻ കെ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി വി ചാർലി, സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, കേരള സീറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി ശ്രീകുമാർ, ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.