ഏലൂരിൽ കർഷക ദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു

സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്കൊപ്പം കളമശ്ശേരിയിലൂടെ കാർഷിക മേഖലയിൽ അഭിമാനകരമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഏലൂർ നഗരസഭയിലെ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ ആയിരത്തിലധികം ഏക്കർ സ്ഥലത്ത് നെല്ല്, പൂവ്, പച്ചക്കറി തുടങ്ങി വിവിധയിനം വിളകൾ കൃഷി ചെയ്യുന്നുണ്ടെന്നും കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷികോത്സവം കർഷകരുടെ ഉത്സവമായി ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സഹകരണ പ്രസ്ഥാനങ്ങളും നയിക്കുന്ന കാർഷികോത്സവത്തിൽ 17 കർഷക സംഘങ്ങളുടെ വിപണന പ്രദർശനം മുഖ്യ ആകർഷണമായിരിക്കും. കർഷക സംഗമം, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കുന്ന കാർഷികോത്സവം എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ഏലൂർ നഗരസഭ ചെയർപേഴ്സൺ എ.ഡി സുജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിക്കുകയും മികച്ച കർഷകരെ തെരഞ്ഞെടുത്ത് അവാർഡുകൾ നൽകുകയും ചെയ്തു. “വിളകളിലെ കീടരോഗ നിയന്ത്രണം” എന്ന വിഷയത്തെ ആസ്പദമാക്കി കാർഷിക സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സിസ്റ്റം(സി.ഐ.പി.എം.സി) ശാസ്ത്രജ്ഞൻ മിലു മാത്യു കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ഏലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ലീല ബാബു, വികസനകാര്യ ചെയർമാൻ ടി.എം ഷെനിൻ, ക്ഷേമകാര്യ ചെയർപേഴ്സൺ അംബിക ചന്ദ്രൻ, ആരോഗ്യ കാര്യ ചെയർമാൻ പി.എ ഷെറീഫ്, പൊതുമരാമത്ത്കാര്യ ചെയർപേഴ്സൺ ദിവ്യ നോബി, കൗൺസിലർമാരായ പി.എം അയ്യൂബ്, എസ്. ഷാജി, ഏലൂർ കൃഷി ഓഫീസർ അഞ്ചു മറിയം എബ്രഹാം എന്നിവർ പങ്കെടുത്തു.