ഓണത്തോടനുബന്ധിച്ച് വിപണിയിൽ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർദേശം നൽകി. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം. ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശക്തമായ ഇടപെടലുകൾ നടത്തുന്നതിന് ചീഫ് സെക്രട്ടറി വി. വേണു ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തലത്തിൽ യോഗം ചേർന്നത്.
നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് നിയന്ത്രിക്കാൻ റവന്യു, പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സക്വാഡിന്റെ പരിശോധന ഓണത്തിന്റെ സാഹചര്യത്തിൽ ശക്തമാക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം. ജില്ലയിൽ ഇതുവരെ 562 കടകളിൽ സ്‌ക്വാഡ് പരിശോധന നടത്തിയതിൽ 240 ക്രമക്കേടുകളാണ് കണ്ടെത്തി നടപടി സ്വീകരിച്ചതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
യോഗത്തിൽ എഡി.എം എൻ.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ, കൃഷി വകുപ്പ് അഗ്രി മാർക്കറ്റിങ് അസി. ഡയറക്ടർ എം.കെ സ്മിത, ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ സുജ എസ്. മണി തുടങ്ങിയവർ പങ്കെടുത്തു.