കവിയൂര്‍ പുഞ്ചയില്‍ കൃഷി തുടങ്ങാനുള്ള ആദ്യത്തെ ജനകീയ കൂട്ടായ്മയ്ക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം. ഇതിന്റെ ഭാഗമായുള്ള കുറ്റപ്പുഴ തോട് ശുചീകരണം തിരുവല്ല  നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഒന്നുമുതല്‍ പത്തുവരെയുള്ള വാര്‍ഡുകളില്‍ നിന്നുള്ള തൊഴിലുറപ്പുകാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് തോട് ശുചീകരണത്തില്‍ പങ്കാളികളായത്. കവിയൂര്‍ പുഞ്ചയില്‍ അമിതമായി വെള്ളം കയറുകയോ, വെള്ളപ്പൊക്കമുണ്ടാകുകയോ ചെയ്താല്‍ പുഞ്ചയില്‍ നിന്ന് വെള്ളം പുറത്തെത്തിക്കാനുള്ള ഏക മാര്‍ഗമാണ് കുറ്റപ്പുഴ തോട്. തോട് വൃത്തിയായെങ്കില്‍ മാത്രമേ ജലാഗമന-നിര്‍ഗമനം ഫലപ്രദമായ രീതിയില്‍ സാധ്യമാകൂ. അതിനാണ് ചെറുതോടുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കുന്നത്. മാത്രവുമല്ല  60 അടിയോളം താഴ്ചയുള്ള തോടിന്റെ ഇരുകരകളിലുമായി താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തോട് വൃത്തിയാക്കല്‍. വരും ദിവസങ്ങളില്‍ യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചുള്ള വൃത്തിയാക്കലും നടക്കും.
കൗണ്‍സിലര്‍മാരായ ബിജു കാഞ്ഞിരത്തുംമൂട്ടില്‍, അരുന്ധതി രാജേഷ്, ശാന്തമ്മ മാത്യു, ശരണ്യ, റീനാതോമസ്, സാറാമ്മ മാത്യു, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്, മുനിസിപ്പല്‍ സെക്രട്ടറി ബിജു, അഭിജിത്ത്,  അനില്‍കുമാര്‍, പ്രസാദ്കുമാര്‍, ഫിലിപ്, മോന്‍സി, പ്രകാശ് ബാബു, പി കെ ബാബു, സജിതോമസ്, സുരേഷ് കുറുപ്പ് , പി എസ് സണ്ണി, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കവിയൂര്‍ പുഞ്ചയില്‍ നവംബര്‍ പകുതിയോടെ കൃഷി ആരംഭിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് (3) ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല മുനിസിപ്പാലിറ്റിയില്‍ ചേരും. കൃഷി, ഇറിഗേഷന്‍, തൊഴിലുറപ്പ്, തദ്ദേശസ്വയംഭരണം, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് അറിയിച്ചു.
എഴിക്കാട് ഖാദി യൂണിറ്റിന്റെ പുനസമര്‍പ്പണം ഇന്ന്് (3)
പ്രളയത്തില്‍ തകര്‍ന്ന ഖാദി യൂണിറ്റിന്റെ പുനസമര്‍പ്പണം ഇന്ന് (3) രാവിലെ 10.30ന് എഴിക്കാട് ഖാദി നൂല്‍പ്പ് കേന്ദ്രത്തില്‍ വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാജോര്‍ജ് അധ്യക്ഷത വഹിക്കും. ഖാദി ബോര്‍ഡ് സെക്രട്ടറി ടി.വി.കൃഷ്ണകുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, ഖാദി ഡയറക്ടര്‍ എം.സുരേഷ് ബാബു, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ചാന്ദിനി, വാര്‍ഡ് അംഗം സോമവല്ലി, ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് അമൃതം ഗോകുലന്‍, പ്രോജക്ട് ഓഫീസര്‍ പി.റ്റി.അനുമോദ് തുടങ്ങിയവര്‍ പങ്കെടുക്കും.