ഗാന്ധിജയന്തി ദിനത്തില്‍ ഒരുമയുടെ മഹനീയ മാതൃക
ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാന ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കേരളത്തിന് മാതൃകയായി നാലു ജില്ലകളെ യോജിപ്പിച്ച് ‘എന്റെ മണിമലയാര്‍’ നദീസംരക്ഷണ പദ്ധതിക്ക് തുടക്കമായി. പൂര്‍ണമായും ജനകീയ ഫണ്ട് ഉപയോഗിച്ച് നടത്തിയ വരട്ടാര്‍ മാതൃകയും പ്രധാന നദിയിലേക്കെത്തുന്ന നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്ന മീനച്ചിലാര്‍ – മീന്തലയാര്‍ മാതൃകയും സംയോജിപ്പിച്ചാണ് മണിമലയാര്‍ സംരക്ഷണ പദ്ധതി. ഇന്നലെ രാവിലെ ഏഴിന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ നിന്ന് തുടങ്ങിയ പുഴ പഠന യാത്ര പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ കേട്ട് വൈകിട്ട് മല്ലപ്പള്ളിയില്‍ സമാപിച്ചു. നാലു ജില്ലകളിലൊഴുകുന്ന മണിമലയാറിനെയും ആറ്റുതീരത്തെ സംസ്‌കാരങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും വലിയ ജനകീയ പദ്ധതിക്കാണ് പുഴ പഠന യാത്രയിലൂടെ തുടക്കമിട്ടത്.  ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന മണിമലയാറിന്റെ വീണ്ടെടുക്കലാണ് എന്റെ മണിമലയാര്‍ പദ്ധതിയുടെ ലക്ഷ്യം. അറവുമാലിന്യങ്ങളുടെ നിക്ഷേപം, തീരമിടിച്ചില്‍, മലിനമാക്കപ്പെട്ട കൈ തോടുകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് യാത്രയിലൂടെ കണ്ടെത്തിയത്. പ്രളയത്തെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്കുവഹിച്ച പുഴകളെ പഴയ രീതിയില്‍ വീണ്ടെടുക്കണമെന്ന് ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. നാലു ജില്ലകളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃസംഘം രൂപീകരിച്ച് പുഴ കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് പുഴയെ വീണ്ടെടുക്കാനാണ് ശ്രമം.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന മണിമലയാറിനെയും നീര്‍ത്തടങ്ങളെയും ആശ്രയിച്ച് ചെറുതും വലുതുമായ 100 ലധികം കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്. എന്നാല്‍, ഇതിന്റെ സമീപം വന്നടിയുന്നത് വലിയ തോതിലുള്ള മാലിന്യങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നദിയെ സംരക്ഷിക്കുക, എല്ലാവര്‍ക്കും ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ത്രിതല തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓരോ നീര്‍ത്തടങ്ങളുടെ പരിസരത്തുമുള്ളവരെ സംഘടിപ്പിച്ച് ഗുണഭോക്തൃ ഗ്രൂപ്പുകള്‍ രൂപീകരിച്ചും സന്നദ്ധ സഹായങ്ങള്‍ സ്വീകരിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത് മണര്‍കാട് സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ:പുന്നന്‍ കുര്യന്‍ വെങ്കിടേത്ത് ഡയറക്ടറായ പാമ്പാടി വെള്ളൂരിലുള്ള ടൈസ് ആണ്.
പത്തനംതിട്ട ജില്ലയില്‍ കോട്ടാങ്ങല്‍, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം, കവിയൂര്‍, ഇരവിപേരൂര്‍, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലൂടെയും തിരുവല്ല മുനിസിപ്പാലിറ്റിയുടെയുമാണ് മണിമലയാര്‍ കടന്നു പോകുന്നത്. ‘എന്റെ മണിമലയാര്‍ ‘ ജനകീയ സമിതിയുടെ ചെയര്‍മാന്‍ ഡോ: എന്‍.ജയരാജ് എം.എല്‍.എ, കോ-ഓര്‍ഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി.സുബിന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ: വി.വി.മാത്യു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, പരിസ്ഥിതി പ്രവര്‍ത്തകനായ ശശി ജനകല, ഡോ: പുന്നന്‍ കുര്യന്‍ വെങ്കിടേത്ത്, കോസ്റ്റ്‌ഫോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു ജോണ്‍ എന്നിവരാണ് പഠനയാത്രയ്ക്ക് നേതൃത്വം നല്‍കിയത്.
മല്ലപ്പള്ളിയില്‍ നടന്ന സമാപന ചടങ്ങില്‍ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവേല്‍ അധ്യക്ഷത വഹിച്ചു. ഡോ.പുന്നന്‍ കുര്യന്‍ വെങ്കിടേത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, വൈസ്  പ്രസിഡന്റ് കുഞ്ഞുകോശി പോള്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രകാശ് കുമാര്‍ വടക്കേമുറി, പി.എസ്.രാജമ്മ, രമ്യ മനോജ്, മോളി ജോയി, ഡോ: ബി.രവികുമാര്‍, വി.ജ്യോതിഷ് ബാബു, സ്‌കൗട്ട് മാസ്റ്റര്‍ അശോകന്‍ കുറ്റൂര്‍, മനോജ് ഗ്യാലക്‌സി തുടങ്ങിയവര്‍ പങ്കെടുത്തു.