ഞാങ്കടവ്  ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി 
നിര്‍മാണം ഉദ്ഘാടനം ചെയ്തു
പ്രളയക്കെടുതിയില്‍പെട്ട നാടിന്റെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കുചേരണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശിച്ചു.
 തകര്‍ച്ചയെ അതിജീവിക്കാനായി എല്ലാവരും കൈകോര്‍ക്കുമ്പോള്‍ നിസ്സാരമായ തര്‍ക്കങ്ങള്‍ ഉന്നയിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ഞാങ്കടവ് ശുദ്ധജല വിതരണ വിപൂലികരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം അയത്തില്‍ ജംഗ്ഷനില്‍  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമായാണ് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കിഫ്ബി പദ്ധതികള്‍ ഏറ്റവും കൂടുതല്‍ ഏറ്റെടുത്ത വകുപ്പുകളിലൊന്നാണ് ജലവിഭവ വകുപ്പ്. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ ഏകദേശം നാലായിരം കോടി രൂപയുടെ പദ്ധതികള്‍ വകുപ്പ് ഏറ്റെടുത്തു. അവയെല്ലാം ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കഴിഞ്ഞു. നിലവില്‍ കേരളത്തില്‍ 30 ശതമാനം ആളുകള്‍ക്കുമാത്രമാണ് ശുദ്ധീകരിച്ച വെള്ളം ജല അതോറിറ്റി നല്‍കുന്നത്. ഇത് വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ബാക്കിയുള്ളവര്‍ കിണര്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പ്രളയവേളയില്‍ കിണറുകള്‍ മലീസമസമായതും ജല അതോറിറ്റിയുടെ പദ്ധതികള്‍ വെള്ളത്തിനടിയാലയതും പ്രതിസന്ധി സൃഷ്ടിച്ചു. ഇതെല്ലാം പരിഹരിച്ചുവരികയാണ് 60 ശതമാനത്തോളം പ്രവര്‍ത്തന രഹിതമായ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തില്‍ ഇനി ഒരു ശതമാനം മാത്രമാണ് പുനഃസ്ഥാപിക്കാനുള്ളത്-മന്ത്രി പറഞ്ഞു.
ഏതു വലിയ പ്രതിസന്ധിയെയും അതിജീവിക്കാനാകുമെന്ന് പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ജല അതോറിറ്റി തെളിയിച്ചതായി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.  ഞാങ്കടവ് പദ്ധതി 2019-ല്‍തന്നെ കമ്മീഷന്‍ ചെയ്യത്തക്കവിധത്തില്‍ പവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
കൊല്ലം നഗരത്തിനും കൊറ്റങ്കര ഗ്രാമപഞ്ചായത്തിനും ഗുണകരമാകുന്ന ഞാങ്കടവ് പദ്ധതി ജില്ലയില്‍ സര്‍ക്കാരിന്റെ ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങളിലൊന്നാണെന്ന് മുഖ്യാതിഥിയായിരുന്ന മന്ത്രി കെ. രാജു പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍,  ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജല അതോറിറ്റി ബോര്‍ഡ് അംഗം ചെറ്റച്ചല്‍ സഹദേവന്‍, ടെക്‌നിക്കല്‍ അംഗം ടി. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.