- ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു
- കാട്ടാക്കട ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു
കേരളം ആരോഗ്യ പരിപാലന രംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലെ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് സർക്കാർ നടത്തിവരുന്നത് സമാനതകളില്ലാത്ത വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായത്തായുള്ള പ്രഖ്യാപനവും മന്ത്രി നടത്തി.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഇവിടം കുടുംബാരോഗ്യ കേന്ദ്രമായതോടെ നിരവധി അധിക സൌകര്യങ്ങളാകും നാട്ടുകാർക്ക് ലഭിക്കുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറുവരെ മൂന്നു ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭിക്കും. കൂടാതെ നാല് സ്റ്റാഫ് നഴ്സുമാർ, രണ്ടു ഫാർമസിസ്റ്റുമാർ, അറ്റൻറർ എന്നിവരും ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സേവനത്തിനുണ്ടാകും. പൊതുവായ ചികിത്സയ്ക്കു പുറമേ ഇ.സി.ജി എടുക്കുന്നതിനുള്ള സൗകര്യം, റഫറൽ സംവിധാനം, പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവെയ്പ്പ്, 108 ആംബുലൻസ് സംവിധാനം എന്നിവ ജനങ്ങൾക്കായി ലഭ്യമാണ്.
ശ്വാസകോശ രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി ശ്വാസ് ക്ലിനിക്കും മാനസിക പ്രശ്നങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കുമായി ആശ്വാസ് ക്ലിനിക്കും പാലിയേറ്റീവ് കെയർ യൂണിറ്റും മാതൃ-ശിഷു സംരക്ഷണത്തിനായി പ്രത്യേക യൂണിറ്റും ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്. നിപ്പ പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗബാധയേറ്റ് മരണപ്പെട്ട നഴ്സ് ലിനിയുടെ സ്മരണാർത്ഥം കുട്ടികൾക്കായി ബാലസൌഹൃദ പാർക്കും ആശുപത്രിയിലുണ്ട്.
മണ്ഡലത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ആവശ്യകത ഏറിവരികയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് ഐ.ബി സതീഷ് എം.എൽ.എ പറഞ്ഞു. ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാത്രം 200നു മേൽ ഓ.പിയാണ് പ്രതിദിനമുണ്ടാകുന്നത്. ആരോഗ്യ മേഖലയിൽ വികസനമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത, മുൻ നിയമസഭാ സ്പീക്കർ എൻ. ശക്തൻ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ ജനപ്രതിനിധികർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.