കേരളത്തിലെ തനതു കലകളുടെയും സംസ്‌കാരത്തിന്റെയും നേർചിത്രങ്ങൾ കരവിരുതിൽ കൊത്തിയെടുത്ത കരകൗശല ഉൽപ്പന്നങ്ങളും സ്വതന്ത്ര്യത്തിന്റെ സ്ഥാന വസ്ത്രമായ ഖാദിയും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ലഭിക്കുന്ന കരകൗശല-ഖാദി ഓണം മേളയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ തുടക്കമായി.

കേരള കരകൗശല വികസന കോർപ്പറേഷനും കേരള ഖാദി ഗ്രാമവ്യവസായ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന, ആഗസ്റ്റ് 19 മുതൽ 24 വരെയുള്ള മേള പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ അധ്യക്ഷത വഹിച്ചു.

കരകൗശല ഉൽപ്പന്നത്തിന്റെ ആദ്യ വിൽപ്പന മന്ത്രി ശിവൻകുട്ടി ഖാദി ഗ്രാമവ്യവസായ ബോർഡ് മെമ്പർ സെക്രട്ടറി കെ.എ രതീഷിന് നൽകി നിർവഹിച്ചു. ഖാദി ഉൽപ്പന്നത്തിന്റെ ആദ്യവില്പന മന്ത്രിയിൽ നിന്ന് പി. രാമഭദ്രൻ സ്വീകരിച്ചു.    കരകൗശല വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ കെ.എസ് അനിൽകുമാർ പങ്കെടുത്തു.

കരകൗശല ഉൽപ്പന്നങ്ങൾക്ക് മേളയിൽ 10 മുതൽ 20 ശതമാനം വരെ വിലക്കുറവുണ്ട്. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റും സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.