വയനാട്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമഗ്രമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ശുചിത്വസെമിനാറുകള്‍ നടത്തി. ഹരിതകേരള മിഷന്‍, ജില്ലാശുചിത്വമിഷന്‍, കുടുംബശ്രിമിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാറുകള്‍ സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ഇതര സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരാണ് സെമിനാറില്‍ പങ്കാളികളായത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യസംസ്‌കരണമേഖലയില്‍ നിലവിലുള്ള അവസ്ഥ, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍, ഏറ്റെടുക്കേണ്ട പുതിയപ്രവര്‍ത്തനങ്ങള്‍, വികേന്ദ്രീകരണ മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും ഹരിതകര്‍മ്മസേനകളെ സജ്ജമാക്കല്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, പരിപാടികള്‍ എന്നിവിടങ്ങളില്‍ ഹരിതചട്ടം നടപ്പിലാക്കല്‍ എന്നി വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സ്വച്ഛ്ഭാരത് മിഷന്റെ സ്വച്ഛത ഹി സേവ, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാംഘട്ട തീവ്ര ശുചികരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സെമിനാറുകള്‍ നടത്തിയത്. അമ്പലവയല്‍, നെന്‍മേനി, നൂല്‍പ്പുഴ, തിരുനെല്ലി, തവിഞ്ഞാല്‍, പൂതാടി, എടവക, പനമരം, പടിഞ്ഞാറത്തറ, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലും, കല്‍പ്പറ്റ നഗരസഭയിലുമാണ് സെമിനാറുകള്‍ നടന്നത്. വിവിധ സെമിനാറുകളില്‍ ഹരിതകേരള മിഷന്റെയും,ശുചിത്വമിഷന്റെയും ഉദ്യോഗസ്ഥര്‍, റിസോഴ്‌സ് പെഴ്‌സണ്‍മാര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. മറ്റു സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളില്‍ പരിപാടി നടക്കും. ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ വിലയിരുത്തുന്നതിന് ഗ്രാമപഞ്ചായത്ത്, നഗരസഭ അദ്ധ്യക്ഷന്‍ മാരുടെയും സെക്രട്ടറിമാരുടെയും യോഗം ഒക്‌ടോബര്‍ എട്ടിന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ജില്ലയില്‍ സമഗ്രമായ മാലിന്യസംസ്‌കരണ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും, പ്ലാസ്റ്റിക് മാലിന്യമുക്ത വയനാട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാഭരണകൂടം ലക്ഷ്യമിടുന്നത്.