പാലക്കാട്: ഗാന്ധിജിയുടെ 150-ാം ജന്മദിനത്തെ അനുസ്മരിച്ച് 150 മണ്‍ചിരാതുകള്‍ തെളിയിച്ച് കൊണ്ട് വാരാചരണത്തിന് തുടക്കമിട്ടു. 150 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മണ്‍ചിരാതുകള്‍ തെളിയിച്ചത്. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നെഹ്റുയുവകേന്ദ്ര, ഹരിതകേരളം-ശുചിത്വ മിഷന്‍ മറ്റ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഗാന്ധിജയന്തി വാരാചരണം നടത്തുന്നത്. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി നടന്നത്. പരിപാടിയ്ക്ക് മുന്നോടിയായി നഗരസഭാധ്യക്ഷ പ്രമീള ശശിധരനും ഗാന്ധിയന്മാരും വിദ്യാര്‍ത്ഥികളും ജില്ലാ പഞ്ചായത്ത് അങ്കണത്തിലുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നെഹ്്‌റു യുവകേന്ദ്ര, എന്‍.എസ്.എസ്.ടെക്‌നിക്കല്‍ സെല്‍ എന്നിവരുടെ കീഴിലുളള 250-തോളം വിദ്യാര്‍ത്ഥികള്‍ പാലക്കാട് നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ ശുചീകരണം നടത്തി.കോട്ടമൈതാനം, സിവില്‍ സ്‌റ്റേഷന്‍ പരിസരം, ജില്ലാ പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. പാലക്കാട് ഗവ.പോളിടെക്‌നിക് കോളേജ്,എന്‍.എന്‍.എസ് എഞ്ചിനീയറിങ് കോളെജ്, ചേര്‍പ്പുളശേരി പോളിടെക്‌നിക് കോളെജ്, മങ്കര അമ്മിണി എഞ്ചിനീയറിങ് കോളെജ്, പട്ടാമ്പി അല്‍- അമീന്‍ കോളെജ്, മംഗലം ജെ.സി.ടി കോളെജ്,പാമ്പാടി നെഹ്‌റു കോളെജ്,വാളയാര്‍ അഹല്യകോളെജ്, ശ്രീപതി എഞ്ചിനീയറിങ് കോളെജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ശുചീകരണത്തിന് മുന്നിട്ടിറങ്ങി്‌യത്. വിദ്യാര്‍ഥികള്‍ക്ക് ശുചിത്വമിഷന്‍ ടീഷര്‍ട്ടുകള്‍ വിതരണം ചെയ്യുകയുണ്ടായി.
നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍, പി.ആര്‍.ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, അസിസ്റ്റന്റ് എഡിറ്റര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്‍ ,കേരള സര്‍വോദയ മണ്ഡലം ട്രഷറര്‍ വിശ്വകുമാരന്‍ നായര്‍, എന്‍.എസ്.എസ്.ടെക്‌നിക്കല്‍ സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ടി. ബിജുമോള്‍, എന്‍.എസ്.എസ്.ടെക്‌നിക്കല്‍ സെല്‍ ട്രെയിനര്‍ പ്രസൂണ്‍ മംഗലത്ത് ,ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ, എന്നിവര്‍ പരിപാടിയിലല്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, ഹരിതകേരളം മിഷന്‍ സ്റ്റേറ്റ് റീസോഴ്‌സ് പേഴ്‌സണ്‍ വാസുദേവന്‍ പിളള തുടങ്ങിയവര്‍ പങ്കെടുത്തു.


സുന്ദരം കോളനിയില്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു
ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് സുന്ദരം കോളനി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി നേരിട്ട പ്രേദേശമാണ് സുന്ദരം കോളനി.
പ്രധാനമായും സുന്ദരം കോളനിയിലെ കമ്മ്യൂണിറ്റി ഹാള്‍ പരിസരം, അംഗനവാടി പരിസരം എന്നിവിടങ്ങള്‍ വൃത്തിയാക്കി 50ഓളം ഫലവൃക്ഷതൈകള്‍ നട്ടത്. നെല്ലി, സീതപ്പഴം, അരിനെല്ലിക്ക, കശുമാവ്, ഞാവല്‍, ഞാറല്‍ തുടങ്ങിയ തൈകളാണ് വച്ചുപിടിപ്പിച്ചത്. ശുചീകരണത്തിനാവശ്യമായ സാമഗ്രികള്‍ ശുചിത്വ മിഷന്‍ വിതരണം ചെയ്തിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടൊപ്പം പ്രദേശത്തെ ബെസ്റ്റ് ക്ലബ് അംഗങ്ങളും നാട്ടുകാരും ശുചീകരണത്തില്‍ പങ്കാളിയായി.
ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍ എബ്രഹാം ലിങ്കണ്‍, അംഗങ്ങളായ മിനു, രജിത പ്രകാശ്, വോളന്റിയര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഗാന്ധിജയന്തി വാരാചരണം: എലപ്പുളളി താലൂക്ക് ആശുപത്രി ശുചീകരണം
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, എലപ്പുളളി ഗ്രാമപഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എലപ്പുളളി താലൂക്കാശുപത്രിയില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവൃത്തി എലപ്പുളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ യൂത്ത് കോഡിനേറ്റര്‍മാര്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അരുണ്‍ ശ്രീധര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍ എം.എസ്.ബാബു, എലപ്പുളളി യൂത്ത് അത്‌ലറ്റിക് ക്ലബ്ബ് പ്രസിഡന്റ് രഘു പറളി പങ്കെടുത്തു.