മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ജൈവ-അജൈവ വസ്തു ശേഖരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു


കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ കുന്നുംപുറം 36 ാം ഡിവിഷനില്‍ ജൈവ മാലിന്യ സംസ്‌കരണ, അജൈവ മാലിന്യ ശേഖരണ യൂണിറ്റായ ഇടപ്പള്ളി വടക്കുംഭാഗം 36 മോഡല്‍ കേരളം മുഴുവന്‍ അനുകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണ യൂണിറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മാലിന്യക്കൂനയായി കിടന്ന സ്ഥലം മാലിന്യ സംസ്‌കരണ യൂണിറ്റ് യാഥാര്‍ത്ഥ്യമായതോടെ മാലിന്യ മുക്തമായി. രണ്ട് ടണ്‍ ജൈവമാലിന്യങ്ങള്‍ യൂണിറ്റില്‍ സംസ്‌കരിക്കാനും വളമായി മാറ്റാനും സാധിക്കും.

ബ്രഹ്‌മപുരത്തിന് ശേഷം കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ 25 കണ്ടെയ്‌നര്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളും (എം സി എഫ്) 60 ടണ്‍ ശേഷിയുള്ള നാല് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളും(ആര്‍ ആര്‍ എഫ്) ആരംഭിച്ചു. ആര്‍ ആര്‍ എഫുകള്‍ പത്ത് എണ്ണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി വെള്ളക്കെട്ട് പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹരിത കര്‍മ്മ സേന അംഗങ്ങളെയും ഇടപ്പള്ളി വടക്കുംഭാഗം 36 മോഡല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് നേതൃത്വം നല്‍കിയ വിവിധ വ്യക്തികളെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.

സഹകരണ മേഖലയും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ജൈവ മാലിന്യനിര്‍മാര്‍ജന പദ്ധതി ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. കുന്നുംപുറം 36ാം ഡിവിഷന്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേന മുഖേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ വളമാക്കുക, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരണത്തിനായി കൈമാറുക എന്നിവയ്ക്ക് ആവശ്യമായ സംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മുഖ്യാതിഥിയായി. ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. വി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത
ഡിക്‌സണ്‍, 36 ാം ഡിവിഷന്‍ കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍, ഹരിത സഹായ സ്ഥാപനം പ്രതിനിധി ദീപക് വര്‍മ്മ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.