*169 -ാമത് ശ്രീ നാരായണ ഗുരു ജയന്തി   സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


മനുഷ്യത്വപരമായ സമീപനവും സിദ്ധാന്തങ്ങളുമാണ് ഗുരു ഉയർത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.169 -ാമത് ശ്രീ നാരായണ ഗുരു ജയന്തി   സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിനോടുള്ള ആദരവിനോടൊപ്പം ഗുരുവിനെ മറികടക്കുവാനുള്ള സ്വാതന്ത്ര്യവും ശ്രീനാരായണഗുരു തൻറെ ശിഷ്യർക്ക് അനുവദിച്ചിരുന്നു.ശിഷ്യർക്കൊപ്പം നിൽക്കുന്ന നിലപാടാണ് ഗുരുവിനുണ്ടായിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിന്റെ മഹദ് ചിന്തകളാണ് കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചത്.കേരളത്തിൽ നിലനിന്നിരുന്ന  ദുരാചാരങ്ങൾ,സാമൂഹിക അവസ്ഥ എന്നിവയ്ക്ക് ചിന്താപരമായ ഇടപെടലിലൂടെ ഗുരു മാറ്റം വരുത്തിയിരുന്നു.  സംഘടനകൊണ്ട് ശക്തരാകുക എന്ന ഗുരു സന്ദേശം സമൂഹത്തിൽ പ്രകടമായ മാറ്റങ്ങളാണ്  ഉണ്ടാക്കിയത്. മനുഷ്യൻ ഒന്നാണ് എന്ന സിദ്ധാന്തം ഗുരു സ്വന്തം ജീവിതത്തിലും പ്രാവർത്തികമാക്കി. എന്നാൽ ജാതിക്ക് അതീതമായി ഉയർത്തിപ്പിടിച്ച മാനവികത ഇന്നും ഉണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി അഭിപ്രായപെട്ടു.


സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു സന്ദേശം സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ  വഹിച്ച പങ്ക് വളരെ വലുതാണ്. മനുഷ്യർ ചേരിതിരിഞ്ഞ് ആക്രമിക്കുകയും കലാപങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഈ വർത്തമാന കാലത്ത് ഗുരു സന്ദേശം ഏറെ പ്രാധാന്യം അർഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.  ലോകജീവിതം മെച്ചപ്പെടുത്തുവാനുള്ള ഉപദേശങ്ങൾ ഗുരു നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. മാനവികതാ മൂല്യങ്ങൾക്ക് രാജ്യം പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപി,എ എ റഹീം എം പി, എം. എം. ഹസൻ, ഗോകുലം ഗോപാലൻ,ജി മോഹൻദാസ്, സ്വാമി  ശുഭാംഗാനന്ദ, സച്ചിദാനന്ദ സ്വാമികൾ, സൂക്ഷ്മാനന്ദ സ്വാമികൾ, ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.