ഗവ. ചിൽഡ്രൻസ് ഹോമിൽ നടന്ന ഓണക്കോടി വിതരണം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

അണു കുടുംബങ്ങളുടെ കാലത്ത് ഒറ്റപ്പെടലിന്റെ നടുവിൽ പുതു തലമുറ കമ്പ്യൂട്ടറുകളിൽ ആഘോഷിക്കേണ്ടതല്ല ഓണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. രാമവർമ്മപുരം ഗവ. ചിൽഡ്രൻസ് ഹോമിൽ നടന്ന ഓണാഘോഷം – നിറക്കൂട്ടിന്റെ ഭാഗമായി നടന്ന ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

മഹാബലി മഹത്തായ ഒരു സംസ്കാരത്തിൻ്റേ പ്രതീകമാണ്. മഹാബലി ഉയർത്തിപ്പിടിച്ച കള്ളവും ചതിയും ഇല്ലാത്ത പരസ്പര വിദ്വേഷങ്ങൾ ഇല്ലാത്ത ജാതിമത- വർഗ്ഗ- വർണ്ണ- രാഷ്ട്രീയ വ്യത്യാസമില്ലാത്ത ഇല്ലാത്ത ഒരു സംസ്കാരം വളർത്തിയെടുക്കുവാനും നിലനിർത്തുവാനും മലയാളിക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായികരംഗത്തും പഠനരംഗത്തും ഹോമിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കും വിധം കുട്ടികൾ ഉയർന്നു വരുന്നത് പ്രശംസനീയാർഹമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ചടങ്ങിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കോടി വിതരണം മന്ത്രി കെ രാജൻ നിർവഹിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിലും കായികരംഗത്തും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. തുടർച്ചയായി എട്ടാമത്തെ വർഷം കേരളത്തിൽ ഓണം ആഘോഷിക്കുന്നതിൻ്റെയും കളക്ടർ ആയ ശേഷമുള്ള അനുഭവങ്ങളും വി ആർ കൃഷ്ണതേജ ഐഎഎസ് കുട്ടികളുമായി പങ്കിട്ടു.

വനിത ശിശു വികസനം, സാമൂഹ്യനീതി എന്നീ വകുപ്പുകൾ സംയുക്തമായാണ് നിറക്കൂട്ട് സംഘടിപ്പിച്ചത്.
ഒബ്സർവേഷൻ ഹോം, പ്ലെയ്സ് ഓഫ് സേഫ്റ്റി, മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം, ഹോം ഫോർ മെൻ്റൽ ഹെൽത്ത്, മഹിളാ മന്ദിരം, പ്രത്യാശ ഭവൻ, ആശ ഭവൻ, സിഡബ്ല്യുസി, ജെ ജെ ബി എന്നിവർ സംയുക്തമായാണ് വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചത്.

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ ജുവനൈയിൽ ജസ്റ്റിസ് ബോർഡ് ചെയർപേഴ്സൺ ഇന്ദു പി രാജ് നിർവഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു കെ എ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീരാ പി അധ്യക്ഷയായി. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ നിമ്മി കെവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി കെ വിജയൻ, അഡ്വ. കെ വി ബാബു, സുജിത വി ഡി, ജുവനൈയിൽ ജസ്റ്റിസ് ബോർഡ് അംഗം വിനീത, മഹിളാമന്ദിരം സൂപ്രണ്ട് ഉഷ പി എസ്, ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എൻ കെ ബിനു റോയ് തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് കലാപരിപാടികളും ഓണസദ്യയും ഓണക്കളികളും നടന്നു.