തൃപ്പൂണിത്തുറ: പുതിയകാലത്തെ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ മഹാത്മാഗാന്ധിയുടെ സന്ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്തണമെന്ന് എം.എല്‍.എ കെ. ജെ. മാക്‌സി പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പും കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗവും കൊച്ചിന്‍ സൗത്ത് റോട്ടറി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തെ കൂട്ടായ പ്രവര്‍ത്തനം ഐക്യത്തിലൂടെ നമുക്ക് അതിജീവിക്കാന്‍ സാധിക്കും എന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലം യുവതലമുറ എല്ലാകാര്യങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ മുന്നോട്ടുവരുന്ന കാഴ്ചയാണ് കാണുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ സംസ്ഥാന പുനര്‍ നിര്‍മ്മാണത്തിനായി സ്വയം മുന്നോട്ടു വരുന്ന കാഴ്ച പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി ദിന സന്ദേശം പ്രദര്‍ശിപ്പിച്ചു. തിരുവാങ്കുളം മുനിസിപ്പല്‍ സോണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫീല്‍ഡ് ഔട്ട്‌റീച്ച് ഓഫീസ് രാഷ്ട്രപിതാവിന്റെ ജീവിത കാലഘട്ടത്തെക്കുറിച്ച് തയ്യാറാക്കിയ പ്രദര്‍ശനവും ഉണ്ടായിരുന്നു. ചമ്പാരന്‍ സത്യാഗ്രഹ കാലത്തെ ഗാന്ധിയുടെ ചിത്രമടക്കം നിരവധി അപൂര്‍വ്വ ചിത്രങ്ങളും വസ്തുതകളും ഉള്‍പ്പെടുന്ന ചിത്രപ്രദര്‍ശനം വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം നിരവധി പേരാണ് കാണുവാന്‍ എത്തിയത്.
ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കുഫോസ് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ എ. രാമചന്ദ്രന്‍ സത്യത്തിന് വിലയില്ലാതാകുന്ന പുതിയ കാലത്ത് മഹാത്മാവിന്റെ വചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പറഞ്ഞു. അഹിംസ, സത്യസന്ധത, ശുചിതം തുടങ്ങി ഗാന്ധിജി പ്രാധാന്യം നല്‍കിയ വിഷയങ്ങള്‍ക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന് കാലം തെളിയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ കാഴ്ചപ്പാടുകള്‍ നാം ഗൗരവമായി എടുക്കേണ്ട കാലം അതിക്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നൂറ് കൊല്ലത്തിനിടയില്‍ കേരളത്തിലെ കായലുകളുടെ വലിപ്പവും ആഴവും മൂന്നിലൊന്നായി ചുരുങ്ങിയതായി അദ്ദേഹം വ്യക്തമാക്കി. യുവതലമുറ ഗാന്ധിയുടെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് മുന്നേറിയാല്‍ നവഭാരതം നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
കൊച്ചിന്‍ സൗത്ത് റോട്ടറി പ്രസിഡണ്ട് കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനി തിലകന്‍ കാവനാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മാധ്യമപ്രവര്‍ത്തകന്‍ എം. എസ് വിനോദ് കുമാറിനെയും വാദ്യകലാകാരന്മാര്‍ മഹേഷ് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭാംഗങ്ങളായ കെ. വി സാജു, മഞ്ജു ബിനു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ എല്‍. സി പൊന്നുമോന്‍, റോട്ടറി സെ ക്രട്ടറി അഡ്വ. ഹരികൃഷ്ണന്‍, ഉപദേശക സമിതി അംഗം പി.പി. അജിമോന്‍, റോട്ടറി കമ്മ്യൂണിറ്റി കോര്‍ പ്രസിഡന്റ് വൈശാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവാങ്കുളത്ത് നടന്ന ഗാന്ധിജയന്തി അനുസ്മരണ സമ്മേളനത്തില്‍ സ്വാതന്ത്ര്യ സമര സേനാനി തിലകന്‍ കാവനാലിനെ കെ.ജെ. മാക്‌സി എംഎല്‍എ ആദരിക്കുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, കെ.ജയകുമാര്‍, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ എ രാമചന്ദ്രന്‍, കെ.വി സാജു സമീപം