ആലപ്പുഴ: ഈ സാമ്പത്തിക വർഷം ജില്ല പഞ്ചായത്ത് നൽകുന്ന വ്യക്തിഗതാനുകൂല്യങ്ങൾക്ക് അർഹതയുള്ളവരുടെ ഗ്രാമപഞ്ചായത്തുകൾ അംഗീകരിച്ച ഗുണഭോക്തൃപട്ടിക ഈ മാസം 10നകം നൽകിയില്ലെങ്കിൽ അത്തരം പഞ്ചായത്തുകൾക്ക് ആനുകൂല്യം ആവശ്യമില്ലെന്നു കരുതി പട്ടിക തന്ന മറ്റു പഞ്ചായത്തുകൾക്ക് നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ വ്യക്തമാക്കി. പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളിൽ ജില്ല ആസൂത്രണ സമതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികൾക്ക് ഡിസംബർ അവസാനത്തിനകം സമതി അംഗീകാരം നേടിയിരിക്കണം. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൈവ വൈവിധ്യ മാനേജുമെന്റ് കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നീ മേഖലകൾക്കായി ഒരു പതിയ വർക്കിങ് ഗ്രൂപ്പ് കൂടി ഉണ്ടാകും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്. ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ള പ്രഗത്ഭർ, ദുരന്തനിവാരണ സമതിയംഗങ്ങളുടെ പ്രാതിനിധ്യം, സന്നദ്ധ സേവനത്തിന് തയ്യാറായ യുവക്കാളുടെ പ്രാതിനിധ്യം എന്നിവ വർക്കിങ് ഗ്രൂപ്പിൽ ഉറപ്പാക്കും.

കഴിഞ്ഞ വാർഷിക പദ്ധതി രൂപീതരണത്തിന് വകുപ്പുകൾ നൽകിയ തൽസ്ഥിതി വിവരങ്ങൾ പ്രളായനന്തരം പുതുക്കി നൽകണമെന്ന് സമിതി അധ്യക്ഷൻ അറിയിച്ചു. പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി വാർഷിക പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇതുപകരിക്കുമെന്നും ഇക്കാര്യത്തിൽ അടിയന്തിരം ശ്രദ്ധ വേണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

യോഗത്തിൽ 27 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകി. ഈ സ്ഥാപനങ്ങളിൽ 171 പദ്ധതിൾ പുതുക്കിയപ്പോൾ പ്രളയത്തിന്റെ പശ്ചാത്തലം കൂടി പരിഗണിച്ച് 132 പദ്ധതികൾ ഒഴിവാക്കി 188 പുതിയ പദ്ധതികൾ അവതരിപ്പിക്കുകയായിരുന്നു.

ജില്ല പ്ലാനിങ് ഓഫീസർ കെ.എസ്. ലതി, ആസൂത്രണ സമതിയംഗങ്ങൾ, തദ്ദേശഭരണസ്ഥാപന പ്രതിനിധികൾ, ജില്ലാതല നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.