കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഇടപെടലുകളാണ് സർക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ഓരോ ഘട്ടത്തിലും സ്വീകരിച്ചത്. രോഗ വ്യാപനനിരക്ക് കുറക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 30 ന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ ആളുകളുടെയും സാമ്പിൾ എടുത്ത് പരിശോധിക്കും. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ മെന്റൽ ഹെൽത്ത് ടീമിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂമിൽ മാനസികപിന്തുണ സംവിധാനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബ് പ്രവർത്തിച്ചു തുടങ്ങി. രണ്ട് മെഷീനുകൾ ഉപയോഗിച്ച് ഒരേ സമയം 192 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമാണ് ഉള്ളത്. എൻ.ഐ. വി പൂനെ മൊബൈൽ ലാബും മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.

പരിശീലനം നേടിയ വളണ്ടിയർമാരുടെ നേതൃത്വത്തിൽ കണ്ടെയ്ൻമെന്റ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രവർത്തനങ്ങൾ എകോപിപ്പിക്കും. ആവശ്യമായ മാസ്ക്, പി പി ഇ കിറ്റ് തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് സംവിധാനം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വീടുകൾ തോറും സർവ്വേയും നടക്കുന്നുണ്ട്. പനി ഉള്ളവരെ കണ്ടെത്തുന്നതിനൊപ്പം മാനസിക പിന്തുണ നൽകുക എന്നതുകൂടെയാണ് സർവ്വേ ടീം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കൃത്യമായ ഇടപെടലുകളും ജാഗ്രതയോടുള്ള പ്രവർത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കൃത്യമായ ഇടപെടലുകളാണ് ജില്ലയിൽ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പി പി.ഇ കിറ്റ് , മാസ്ക് ഉൾപ്പെടെയുള്ള അവശ്യ പ്രതിരോധ സാധനങ്ങൾ വാങ്ങുന്നതിന് എം.പി ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എളമരം കരീം എം.പി യോഗത്തെ അറിയിച്ചു.

വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, കെ മുരളീധരൻ എം.പി, എം. എൽ.എമാരായ പി. ടി. എ റഹീം, ടി.പി രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ജില്ലാ കലക്ടർ എ.ഗീത, എ.ഡി.എം സി മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.