ജില്ലയില്‍ തുടര്‍ന്നുവരുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിന്റെ ഗതിവേഗം കൂട്ടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചുമതലയേറ്റ് രണ്ട് വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പദ്ധതികളുടെ നിര്‍വഹണപുരോഗതി വിലയിരുത്തിയശേഷമാണ് അറിയിപ്പ്.

അടിസ്ഥാനവികസന മേഖലകളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേകപരിഗണന നല്‍കും. സര്‍ക്കാരിന്റെ വിവിധ ധനസഹായപദ്ധതികള്‍ അര്‍ഹതയുള്ളവരിലേക്ക് കൂടുതല്‍കൃത്യതയോടെ ലഭ്യമാക്കുകയാണ്. കാലതാമസം പരമാവധി ഒഴിവാക്കിയുള്ള ഭരണനിര്‍വഹണമാണ് ഉറപ്പാക്കുന്നത്.
ഭൂമികയ്യേറ്റം പോലെയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനനടപടികളാണ് സ്വീകരിക്കുന്നത്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിനോദസഞ്ചാര പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ നടപടികളും സ്വീകരിക്കും. കടല്‍ത്തീരം ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. മേഖല മലിനമാക്കുന്നവര്‍ക്കെതിരെ നിയമനടപടികളും ശിക്ഷാനടപടികളും സ്വീകരിക്കും.

പകര്‍ച്ചരോഗ പ്രതിരോധനടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന രോഗനിരീക്ഷണ-നിയന്ത്രണ സംവിധാനം അവശ്യഘട്ടങ്ങളില്‍ പരിഷ്‌കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവിപണനം തടയുന്നതിന് പൊലിസും എക്സൈസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങളുടെ പരാതിപരിഹാര സംവിധാനവും മെച്ചപ്പെട്ടനിലയില്‍ പ്രവര്‍ത്തിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി