വിവരാവകാശ കമ്മീഷണർമാരായ എ അബ്ദുൾ ഹക്കീം, കെ എം ദിലീപ് എന്നിവർ കണ്ണൂരിൽ നടത്തിയ സിറ്റിംഗിൽ 23 അപ്പീലുകൾ തീർപ്പാക്കി. 24 അപ്പീലുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകളിൽ കമ്മീഷൻ തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കി. മൂന്ന് കേസുകളിൽ രണ്ടാഴ്ചയ്ക്കകം വിവരം ലഭ്യമാക്കാൻ ഉത്തരവിട്ടു.
വിവരാവകാശ നിയമത്തിന്റെ അന്തസത്ത പാലിക്കാൻ ഉദ്യോഗസ്ഥരും ഹരജിക്കാരും ഒരു പോലെ ബാധ്യസ്ഥരാണെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൾ ഹക്കീം ചൂണ്ടിക്കാട്ടി.
പരസ്പരം പോരടിക്കാനുള്ള ആയുധമായി വിവരാവകാശ നിയമത്തെ എടുക്കരുത്. പരമാവധി വിവരം നൽകാൻ ഉദ്യോഗസ്ഥർ സഹകരിക്കണം. അപേക്ഷയിലും ഒന്നാം അപ്പീലിലും വിവരം നൽകാത്തതുകൊണ്ടാണ് കമ്മീഷന് ഇടപെടേണ്ടി വരുന്നത്.
അപേക്ഷരുടെ ജീവനും സ്വത്തിനും ഭീഷണിയുള്ള കേസുകളിൽ 48 മണിക്കൂറിനകം വിവരം ലഭ്യമാക്കണം. അത്തരം ഒരു കേസിൽ തളിപ്പറമ്പ് ആർഡിഒയോട് 48 മണിക്കൂറിനകം വിവരം ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിട്ടു.