വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിക്കു വേണ്ടി സി-ഡിറ്റ് തയ്യാറാക്കിയ ഞാൻ മുഹമ്മദ് അബ്ദുൾ റഹ്മാൻ എന്ന വിഡിയോ ഡോക്യുമെന്ററി ഡി.വി.ഡി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനി, മുസ്ലിം സമുദായ പരിഷ്‌കർത്താവ്, പത്രപ്രവർത്തകൻ, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മുഹമ്മദ് അബ്ദുൾ റഹ്മാൻ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും മതേതരത്വത്തിനും സ്വന്തം ജീവിതം കൊണ്ട് സ്വതന്ത്രഭാഷ്യം രചിച്ച ദേശാഭിമാനിയാണ്. മുഹമ്മദ് അബ്ദുൾ റഹ്മാന്റെ ജന്മഗൃഹമായ കൊടുങ്ങല്ലൂർ കറുകപ്പാടത്ത് സാക്ഷാത്കരിക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഡോക്യുമെന്ററി സംവിധാനം ചെയ്തത് കെ. മോഹൻ കുമാറാണ്.
സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി-ഡിറ്റ് രജിസ്ട്രാർ ജി. ജയരാജ്, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.